കൺമുന്നിൽ ചിങ്ങം; കർഷകന് ആധി തന്നെ
text_fieldsകോഴിക്കോട്: തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയും ആന്ധ്രയിൽ നിന്ന് അരിയും കാത്തിരിക്കുന്ന മലയാളിയുടെ മുന്നിലേക്ക് മറ്റൊരു കർഷകദിനം കൂടി. കർക്കടകത്തിെൻറ കാർമേഘമൊഴിഞ്ഞ് പൊൻവെയിൽ തെളിയുന്ന ചിങ്ങമാസത്തിനും ഇന്ന് തുടക്കം. ചിങ്ങപ്പുലരി മലയാളികളുടെ പുതുവർഷപ്പിറവി കൂടിയാണ്.
തിരുവോണത്തിെൻറ വരവറിയിക്കുന്ന ചിങ്ങപ്പിറവി കൊയ്ത്തിെൻറയും വിളവെടുപ്പിെൻറയും ഒരുക്കങ്ങളുടെ മുഹൂർത്തം കൂടിയാണ്.
എന്നാൽ, സംസ്ഥാനത്ത് െകായ്യാനും വിളവെടുക്കാനും ഏറെയൊന്നുമില്ലെന്നതാണ് യാഥാർഥ്യം. ഉള്ളവക്ക് വിലയില്ലെന്നാണ് കർഷകരുടെ പരാതി. വിലയുള്ള ഉൽപന്നങ്ങൾക്ക് രോഗബാധയും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയുമാകുന്നു. നാളികേരത്തിന് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം തീരെ കുറഞ്ഞിരിക്കുകയാണ്. നെല്ല് സംഭരണം കൃത്യമായി നടക്കുന്നുണ്ടെങ്കിലും പണം നൽകാൻ സപ്ലൈകോ മടികാട്ടുകയുമാണ്. കിലോക്ക് 22.50 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. നേരത്തേ സ്വകാര്യ മില്ലുകാർ ഇതേ വിലയിൽ നെല്ല് സംഭരിച്ചപ്പോൾ പെെട്ടന്ന് പണം ലഭിച്ചിരുന്നു. 22.50 രൂപയിൽ 14.70 രൂപ കേന്ദ്ര സർക്കാറും ബാക്കി തുക സംസ്ഥാനവുമാണ് നൽകേണ്ടത്.
കേരഫെഡിെൻറ നേതൃത്വത്തില്‍ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ നാളികേര സംഭരണം തുടങ്ങാനായിട്ടില്ല. കൃഷിഭവനുകള്‍ക്കു പുറമേ, പ്രാഥമിക സഹകരണ സംഘങ്ങളും മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളും വഴി പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് തീരുമാനിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം വെറുംവാക്കായി മാറി. നിലവിലെ സംഭരണ വിലയായ 25 രൂപയേക്കാൾ കൂടുതൽ വിപണിവില കിട്ടുന്നതിനാൽ സംഭരണം കർഷകർക്കും വിഷയമല്ലാതായി.
‘ഒാണത്തിന് ഒരു മുറം പച്ചക്കറി’ എന്ന സർക്കാർ പദ്ധതി വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കുടിശ്ശികയുള്ള കർഷക പെൻഷൻ അനുവദിക്കാനായി 241 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പല ജില്ലകളിലും കഴിഞ്ഞ ജൂലൈ മുതലുള്ള പെൻഷൻ കുടിശ്ശികയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.