മലയാള സർവകലാശാലയിൽ ഗവേഷണത്തിന് മുൻതൂക്കം -വി.സി അനിൽ വള്ളത്തോൾ
text_fieldsതിരൂർ: മലയാള ഭാഷയുടെ വികാസത്തിന് ഗവേഷണ പ്രവർത്തനങ്ങൾക്കാണ് മലയാള സർവകലാശാല പ്രാമുഖ്യം നൽകുകയെന്ന് വൈസ് ചാൻസലർ പ്രഫ. അനിൽ വള്ളത്തോൾ. വിവാദങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ നയം നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ മലയാളത്തിന്‍റേതായ ഒട്ടേറെ സംഭാവനകളുണ്ട്. അവ മറ്റ് ഭാഷകളിലേക്കും കൈമാറണം. പരസ്പര വിനിമയം, തർജ്ജമ, താരതമ്യ പഠനം തുടങ്ങിയവയിലൂടെയെല്ലാമാണ് ഭാഷയുടെ വികാസം സാധ്യമാക്കേണ്ടത്. സർവ വിജ്ഞാനത്തിന്‍റെ സർവ വ്യാപിയായിട്ടുള്ള വികാസം സാധ്യമാക്കുന്ന അവസ്ഥ മലയാള സർവകലാശാല കൈവരിക്കണം. അതിനായി നിലവിലുളള കോഴ്സുകളുടെ ശരിയായ വികാസം അനുപേക്ഷണീയമാണ്.
അതിനായി കോഴ്സുകളെ നേർവഴിയിൽ കൊണ്ടു പോയി ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കും. സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പുറമെ ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് ഗവേഷണ പ്രവർത്തനങ്ങളെ കൂടി ഏകോപിപ്പിക്കാൻ സാധിച്ചാൽ അത് വലിയ നേട്ടമാകുമെന്നും വി.സി പറഞ്ഞു.
സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങാതെയാകും പ്രവർത്തനം. സർവകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. സർവകലാശാലക്ക് അഫിലിയേറ്റഡ് കോളജുകളോ മറ്റ് പഠന കേന്ദ്രങ്ങളോ ആവശ്യമില്ല എന്ന നയമാണ് തനിക്കുമുള്ളത്. തർക്കരഹിതമായി ഭൂമി കണ്ടെത്തുന്നതിന് ജനകീയ പിന്തുണ ആവശ്യമാണെന്നും അനിൽ വള്ളത്തോൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.