മലയാളം നിർബന്ധം: കേന്ദ്രത്തിന് കീഴിലെ സ്കൂളുകളുടെ കാര്യത്തിൽ അവ്യക്തത
text_fieldsതിരുവനന്തപുരം: 10ാം ക്ലാസ് വരെ മലയാള ഭാഷാപഠനം നിർബന്ധമാക്കുന്ന ഒാർഡിനൻസ് കൊണ്ടുവരുേമ്പാഴും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ കാര്യത്തിൽ അവ്യക്തത ബാക്കി. കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ സ്കൂളുകൾ എന്നിവയുടെ കാര്യത്തിലാണ് അവ്യക്തതയുള്ളത്. മന്ത്രിസഭ അംഗീകാരം നൽകിയ ഒാർഡിനൻസ് പ്രകാരം ഇൗ സ്കൂളുകളും നിയമത്തിെൻറ പരിധിയിൽ വരും. എന്നാൽ, അഖിലേന്ത്യ തലത്തിൽ ഏകീകൃത പാഠ്യപദ്ധതി പിന്തുടരുന്ന ഇത്തരം സ്ഥാപനങ്ങളിൽ മലയാളം ഉൾപ്പെടുത്താനാകുമോ എന്നത് സംബന്ധിച്ച് വ്യക്തത ആവശ്യമാണ്.
പ്രതിരോധ മന്ത്രാലയത്തിനുകീഴിലെ സൊസൈറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന സൈനിക് സ്കൂളുകളുടെ കാര്യത്തിലും ഇത് ആവശ്യമാണ്. തമിഴ്നാട്ടിൽ നിലവിൽ സമാനനിയമം ഉണ്ടെങ്കിലും കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന ഇത്തരം സ്കൂളുകളെ നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒാർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് റൂൾസ് തയാറാക്കുമെന്ന് സെക്രട്ടറി ഉഷ ടൈറ്റസ് പറഞ്ഞു. ഒാർഡിനൻസ് നിയമസഭയുടെ പരിഗണനക്ക് വരുേമ്പാൾ അവശേഷിക്കുന്ന അവ്യക്തതകൂടി നീക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.
നേരത്തേ 12ാംതരം വരെ മലയാളം നിർബന്ധമാക്കാനായിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ, സി.ബി.എസ്.ഇയിൽ ഉൾപ്പെടെ 10ാം ക്ലാസിനുശേഷം ഭാഷാപഠനം ഇല്ലാത്ത സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് 10ാം ക്ലാസ് വരെ നടപ്പാക്കാൻ തീരുമാനിച്ചത്. തമിഴ്നാട്ടിൽ 10ാം ക്ലാസ് വരെയാണ് തമിഴ് പഠനം നിർബന്ധമാക്കിയിരിക്കുന്നത് എന്നതും പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.