സ്മാരകമില്ലാതെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്
text_fieldsനേമം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് മലയാറ്റൂര്‍ രാമകൃഷ്ണന് കരമന ശാസ്ത്രി നഗറില്‍ സ്മാരകം വേണമെന്ന നാടിന്റെ നിവേദനം ചവറ്റുകൊട്ടയില്‍. മൂന്നുപതിറ്റാണ്ടിലേറെ മലയാറ്റൂര്‍ താമസിച്ചിരുന്ന ‘വൈദേഹി’ വീട് കരമനയില്‍ ഇപ്പോഴുമുണ്ട്. രചനകളിലധികവും വൈദേഹിയിലിരുന്നായിരുന്നു. ശാസ്ത്രി നഗറില്‍ മുമ്പ് കളിസ്ഥലമായി ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഇപ്പോള്‍ കാടുമൂടിക്കിടക്കുന്നു. ഈ മൈതാനത്തിന് മലയാറ്റൂരിന്റെ പേര് നല്‍കണമെന്ന് ആവശ്യമുയർന്നിരുന്നു.
ഇവിടെ മലയാറ്റൂര്‍ സ്മാരക ഗ്രന്ഥശാലയും പാര്‍ക്കും സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കാന്‍ നഗരസഭയിലും പ്രമേയം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. 2010ല്‍ അന്നത്തെ റവന്യൂ മന്ത്രി തുടര്‍നടപടികള്‍ക്കായി കായികവകുപ്പിന് ഫയല്‍ കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ശാസ്ത്രിനഗര്‍ ഈസ്റ്റ് റസി. അസോസിയേഷന് ഭാരവാഹികളും പറയുന്നു. പാലക്കാട് കല്പാത്തിയില് ജനിച്ച മലയാറ്റൂര്‍ നാലാം വയസ്സില്‍ കരമന ഗ്രാമത്തിലെ ഒരു അഗ്രഹാരത്തില്‍ വാടകക്ക് താമസിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പഠനത്തിന്റെ ഒരുഭാഗവും തിരുവനന്തപുരത്തായിരുന്നു. മലയാറ്റൂരിന്റെ വീട് വാങ്ങിയവര്‍ വൈദേഹി എന്ന പഴയ പേര് മാറ്റിയിട്ടില്ല. ശാസ്ത്രിനഗറില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മലയാറ്റൂരിന്റെ ഒരു ലേഖനത്തെ തുടര്‍ന്ന് അന്ന് ജലസേചന മന്ത്രിയായിരുന്ന ടി.എം. ജേക്കബ് ഇടപെട്ട് പ്രദേശത്ത് പുതിയ പൈപ്പ് ലൈനിട്ടു. ഇപ്പോഴും ആ പൈപ്പ് ലൈനിന് മലയാറ്റൂര്‍ ലൈന്‍ എന്നാണ് വിളിപ്പേര്. 1997 ഡിസംബര്‍ 27നാണ് മലയാറ്റൂര്‍ ലോകത്തോട് വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.