ദുബൈയിൽ മരിച്ച മലയാളിയെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു; നന്ദിയറിയിച്ച് അഷ്റഫ് താമരശ്ശേരി
text_fieldsകോഴിക്കോട്: ദുബൈയിൽ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ വിവരങ്ങൾ ശേഖരിച്ചു നൽകാൻ പ്രയത്നിച്ച കേരള പൊലീസ് അടക്കമുള്ളവർക്ക് നന്ദി പറഞ്ഞ് പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ആഴ്ച്ചകളായി ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം നിലമേൽ സ്വദേശി സൈഫുദ്ദീന്‍റെ ബന്ധുക്കളുടെ വിവരങ്ങൾ തേടി അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൈഫുദ്ദീന്‍റെ സൗദിയിലുള്ള സഹോദരനും അബൂദാബിയിലുള്ള അളിയനും അഷ്റഫ് താമരശ്ശേരിയെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ ചുരുങ്ങിയ സമയം കൊണ്ട് വ്യക്തിയെ തിരിച്ചറിയുന്നതിന് കേരള പൊലീസിന്‍റെ പ്രവർത്തനവും സഹായകമായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഊർജിതമാക്കിയതായി അഷ്റഫ് താമരശ്ശേരി അറിയിച്ചു.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നന്ദി...... സഹോദരങ്ങളെ,
ഒറ്റ രാത്രികൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞു....
ദുബൈയിൽ മരണപ്പെട്ട് ആഴ്ച്ചകളായി മൃതദേഹം പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വ്യക്തിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഈ വിവരം വ്യക്തമാക്കി ഞാൻ ഇന്നലെ രാത്രി ഇട്ട പോസ്റ്റ് അടിസ്ഥാനമാക്കി ഊണും ഉറക്കവുമൊഴിച്ച് പ്രവർത്തിച്ച സഹോദരങ്ങൾക്ക് നന്ദി.
നേരം വെളുക്കുന്നതിന് മൂന്നേ ആളിനെ തിരിച്ചറിഞ്ഞു കൊല്ലം നിലമേൽ സ്വദേശി സൈഫുദ്ധീൻ ആണ് ഇദ്ദേഹം. ഏറെകാലം സൗദിയിലായിരുന്ന സൈഫുദ്ധീൻ ഏതാനും വർഷം മുൻപാണ് യു.എ.ഇയിൽ എത്തിയത്. അടുത്തിടെ സഹോദരി മരണപ്പെട്ടത് അറിയിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ല. ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. പോസ്റ്റ് കണ്ട സൗദിയിലുള്ള സഹോദരൻ പറഞ്ഞ് അബൂദാബിയിലുള്ള ഇദ്ദേഹത്തിന്‍റെ അളിയൻ ബന്ധപ്പെട്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വ്യക്തിയെ തിരിച്ചറിയുന്നതിന് വേണ്ടി സഹായിച്ച കേരള പൊലീസിനും പോസ്റ്റ് ആളുകളിലേക്ക് എത്തിക്കുന്നതിന് സഹകരിച്ച എന്‍റെ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.
മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഇന്ന് രാവിലെതന്നെ ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.