സ്കോട്ട്ലൻഡിൽ കാണാതായ മലയാളി യുവവൈദികൻ മരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്‍ട്ടിന്‍ സേവ്യറിന്റെ (33) മൃതദേഹം സേവനം ചെയ്തിരുന്ന പള്ളിക്ക് സമീപമുള്ള ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്. വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്കോട്ട്ലൻഡ് പൊലീസാണ് അറിയിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ സി.എം.ഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഹൗസിൽ ഫോൺ വഴി ബന്ധപ്പെട്ടാണ് വിവരം നൽകിയത്. പ്രഭാത സവാരിക്കിടയിൽ അപകടം പറ്റിയതാകാമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച തിരുക്കർമ്മങ്ങൾക്കുശേഷം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാൽ, അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതർതന്നെ വിവരം പൊലീസിൽ അറിയിച്ചത്.
ചൊവ്വാഴ്ച വരെ ഇദ്ദേഹം നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. സ്‌കോട്ട്ലന്‍ഡില്‍ പി.എച്ച്.ഡി. പഠനത്തോടൊപ്പം സെന്‍റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു.
കഴിഞ്ഞ ജൂലായ് 15നാണ് ഇദ്ദേഹം സ്‌കോട്ട്ലന്‍ഡിലേക്ക് പോയത്. എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയിലായിരുന്നു ഫാ.മാര്‍ട്ടിന്‍ സേവനമനുഷ്ടിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.