സൗദിയിലെ മലയാളി തടവുകാർ: നോർക്കയിലും ആഭ്യന്തരവകുപ്പിലും 'വിവര'മില്ല
text_fieldsകൊച്ചി: സൗദി അറേബ്യയിൽ എത്ര മലയാളികൾ തടവുശിക്ഷ അനുഭവിച്ചു കഴിയുന്നുണ്ടെന്ന കാര്യത്തിൽ നോർക്ക റൂട്ട്സിന് വിവരമില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ കൈവശവും ഇതുസംബന്ധിച്ച കണക്ക് ഒന്നുമില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലെ ജയിലുകളിലെ മലയാളി തടവുകാരുടെ എണ്ണം, സ്ത്രീ തടവുകാർ, വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികൾ, ഇതിലെ സ്ത്രീകളുടെയും പുരുന്മാരുടെയും എണ്ണം എന്നിങ്ങനെയുള്ള വിവരങ്ങൾ തേടിയുള്ള അപേക്ഷയിലാണ് നോർക്കയും ആഭ്യന്തര വകുപ്പും കൈമലർത്തുന്നത്.
ഈ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പകർപ്പ് നോർക്ക, ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും ഇവിടെയും വിവരങ്ങൾ ലഭ്യമല്ലെന്ന സമാന മറുപടിയാണ് നൽകിയത്. ഒപ്പം വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെയും എ.ഡി.ജി.പി (ഇൻറലിജൻസ്) യുടെയും ഓഫിസുകളിലേക്ക് അയച്ചെങ്കിലും ഇതുതന്നെയായിരുന്നു രണ്ടിടങ്ങളിൽനിന്നും ലഭിച്ച മറുപടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ, 2019 മുതൽ നോർക്ക നടപ്പാക്കുന്ന പ്രവാസി നിയമസഹായ സെൽ മുഖാന്തരം സൗദിയിലെ ജയിലിൽനിന്ന് ഒരാളെ മാത്രമാണ് മോചിതനാക്കി നാട്ടിലെത്തിച്ചതെന്ന് രേഖയിലുണ്ട്.
അതേസമയം, നിലവിൽ സൗദിയിലെ വിവിധ ജയിലുകളിലായി 773 ഇന്ത്യക്കാർ തടവിലുണ്ടെന്നും ഇതിൽ അഞ്ചുപേരാണ് സ്ത്രീകളെന്നും റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രാലയം മുഖേന തേടിയ ഇന്ത്യക്കാരായ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾക്കാണ് എംബസി മറുപടി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.