കിയവിലെ മലയാളി വിദ്യാർഥികൾ ട്രെയിനിൽ റുമാനിയൻ അതിർത്തിയിലേക്ക്; സംഘത്തിൽ 300 പേർ
text_fieldsമലപ്പുറം: യുക്രെയ്നിന്റെ തലസ്ഥാന നഗരിയായ കിയവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് ഒടുവിൽ ആശ്വാസത്തിന്‍റെ വിളിയെത്തി. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം ഒ.ഒ. ബോഗോമൊലെറ്റ്സ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ മുന്നൂറോളം വിദ്യാർഥികൾ ഹോസ്റ്റലിൽനിന്ന് ട്രെയിൻ മാർഗം റുമാനിയൻ അതിർത്തിയിലേക്ക് തിരിച്ചു.
കിയവിൽനിന്ന് 10 മണിക്കൂറാണ് യാത്രാദൈർഘ്യം. റഷ്യൻ ആക്രമണ ഭീതി കുറഞ്ഞ നഗരത്തിലേക്കാണ് മാറുന്നതെന്ന് സർവകലാശാലയിലെ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും ശാന്തപുരം സ്വദേശിയുമായ അലി ശഹീൻ 'മാധ്യമ'ത്തോട് പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ പരിസര പ്രദേശങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്. ബസിലാണ് വിദ്യാർഥികൾ കിയവിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയതോടെയാണ് സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി എംബസി അധികൃതർ കിയവിൽനിന്ന് മാറാൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. ഏതാനും ദിവസങ്ങളായി ഹോസ്റ്റലിലും ബങ്കറിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്.
തുടക്കത്തിൽ വലിയ ഭീഷണികളില്ലായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ പിടിവിട്ടു പോവുന്ന സാഹചര്യമായിരുന്നു. നേരത്തേ ശഹീനും സുഹൃത്തുക്കളും സർവകലാശാല ഹോസ്റ്റലിന് പുറത്തായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷക്കുവേണ്ടി ഹോസ്റ്റലിലേക്ക് മാറുകയായിരുന്നു.
റഷ്യൻ ആക്രമണം കടുത്തതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. തുടക്കത്തിൽ യുക്രെയ്നിലെ നാട്ടുകാരെല്ലാം യുദ്ധമുണ്ടാവില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. മലയാളി വിദ്യാർഥികളും ഈ ധാരണയിലാണ് നാട്ടിലേക്ക് മടങ്ങാതെ സർവകലാശാലകളിൽ കഴിഞ്ഞത്. എത്രയും പെട്ടെന്ന് നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കൈയിലെടുക്കാവുന്ന സാധനങ്ങളുമായി വിദ്യാർഥികൾ ട്രെയിൻ കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.