മലയാളി മറക്കില്ല, ഈ ലളിതാഭിനയം
text_fieldsശാന്തസുന്ദരം, ലളിതഗംഭീരം...സ്നേഹനിധിയായ അമ്മയായും കലിതുള്ളിയെത്തുന്ന അമ്മായിയമ്മയായും കരുണയുള്ള പെങ്ങളായും കുശുമ്പ് നിറഞ്ഞ നാത്തൂനായുമൊക്കെ അരനൂറ്റാണ്ടിലേറെ മലയാളിക്ക് മുമ്പിൽ നിറഞ്ഞാടിയ ലളിതാഭിനയത്തെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കാൻ! ഒരു മൂളലിൽ ഒരായിരം വാക്കുകളേക്കാൾ അർഥങ്ങളൊളിപ്പിച്ചുവെച്ച അഭിനയവിസ്മയം. ഒരു മതിലിനപ്പുറത്ത് നിന്ന് സംസാരിക്കുന്ന കാതരയായ കാമുകിയായ നാരായണിയെ മലയാളികൾ മനസ്സിൽ കണ്ടത് ലളിതയുടെ ശബ്ദത്തിലൂടെയായിരുന്നു. കായംകുളം രാമപുരത്തെ സ്കൂളിൽ വെച്ച് ആദ്യമായി നൃത്തവേദിയിൽ കയറിയതു മുതൽ അസുഖബാധിതയായി അഭിനയജീവിതത്തിൽ നിന്ന് മാറിനിന്നത് വരെയുള്ള കാലം ജീവിതം തന്നെ അരങ്ങാക്കുകയായിരുന്നു കെ.പി.എ.സി ലളിത. അനേകമനേകം നാടകവേദികൾ. മലയാളത്തിലും തമിഴിലുമായി 550ലധികം സിനിമകൾ.
പത്താം വയസ്സിൽ നൃത്തപഠനം ആരംഭിച്ചാണ് ലളിത കലാരംഗത്ത് ചുവടുവെക്കുന്നത്. അന്ന് മഹേശ്വരിയെന്നായിരുന്നു പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കളായ കടയ്ക്കൽ തറയിൽ അനന്തൻനായരും ഭാർഗവി അമ്മയും ഭജനമിരുന്ന് പിറന്നതിനാലാണത്രേ ഈ പേരിട്ടത്. ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലും എസ്.എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിന്റെ 'കാക്കപ്പൊന്ന്' എന്ന നാടകത്തിലും അഭിനയിച്ച ശേഷമാണ് കെ.പി.എ.സിയിലെത്തിയത്. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. തോപ്പിൽ ഭാസി ലളിത എന്നു പേരിട്ടതോടെയാണ് മഹേശ്വരി കെ.പി.എ.സി ലളിതയായത്. കെ.പി.എ.സിയിൽ എട്ടുവർഷത്തോളം തുടർച്ചയായി അഭിനയിച്ച ലളിത മലയാള നാടകരംഗത്ത് ശ്രദ്ധേയയാകാൻ അധികകാലം വേണ്ടി വന്നില്ല.
തോപ്പിൽഭാസിയുടെ 'കൂട്ടുകുടുംബം' എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'ഒതേനന്റെ മകൻ', 'വാഴ്വെ മായം', 'ത്രിവേണി', 'അനുഭവങ്ങൾ പാളിച്ചകൾ', 'ഒരു സുന്ദരിയുടെ കഥ', 'സ്വയംവരം' തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ. സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്. ഹാസ്യവേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവ് ലളിതയെ ജനപ്രിയ നടിയാക്കുകയും ചെയ്തു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങളിലും ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായ കഥാപാത്രങ്ങളിലും അവർ ജീവിച്ചു.
'വിയറ്റ്നാം കോളനി'യിലെ പട്ടാളം മാധവി, 'കോട്ടയം കുഞ്ഞച്ചനി'ലെ ഏലിയാമ്മ, 'പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ സൂപ്രണ്ട്, 'ഐസ്ക്രീമി'ലെ എലിസബത്ത്, 'ഗോഡ്ഫാദറി'ലെ കൊച്ചമ്മിണി, 'മേഘ'ത്തിലെ ആച്ചയമ്മ, 'പൈ ബ്രദേഴ്സി'ലെ അല്ലു, 'സി.ഐ.ഡി ഉണ്ണികൃഷ്ണനി'ലെ അമ്മ, 'മണിച്ചിത്രത്താഴി'ലെ ഭാസുര, 'ഇഞ്ചക്കാടൻ മത്തായി'യിലെ ഏലിക്കുട്ടി, 'കാട്ടുകുതിര'യിലെ കല്യാണി, 'പൊൻമുട്ടയിടുന്ന താറാവി'ലെ ഭാഗീരഥി, 'സന്ദേശ'ത്തിലെ ലത, 'ആദ്യത്തെ കൺമണി'യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ എത്രയെത്ര വേഷങ്ങൾ.
വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾ, മരം, ഏണിപ്പടികൾ, പൂന്തേനരുവി, ചക്രവാളം, നീലപ്പൊന്മാൻ, സൃഷ്ടി, സർവേക്കല്ല്, യുദ്ധകാണ്ഡം, ഗുരുവായൂർ കേശവൻ, കൊടിയേറ്റം, ആരവം,പെരുവഴിയമ്പലം, ചാട്ട, മർമരം, പാളങ്ങൾ, കാറ്റത്തെ കിളിക്കൂട്, മുഖാമുഖം, താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, ജാലകം, കുടുംബപുരാണം, വടക്കുനോക്കിയന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ് ഹൈനസ് അബ്ദുല്ല, കാട്ടുകുതിര, ഗജകേസരിയോഗം, അമരം, മുഖചിത്രം, കടിഞ്ഞൂൽകല്യാണം, സദയം, അപാരത, സ്നേഹസാഗരം, വെങ്കലം, ഗോളാന്തരവാർത്ത, ജനം, പവിത്രം തുടങ്ങിയവയിലെ ലളിതയുടെ അഭിനയം എന്നെന്നും ഓർമ്മിക്കപ്പെടും. 'വാഴ്വേമായം' എന്ന ചിത്രത്തിലാണ് ലളിത ആദ്യമായി പാടി അഭിനയിച്ചത്.
സ്ത്രീ കഥാപാത്രങ്ങളില്ലാത്ത അടൂരിന്റെ 'മതിലുകൾ' എന്ന ചിത്രത്തിൽ രംഗത്തുവരാതെ സംഭാഷണം കൊണ്ടുമാത്രം സജീവമായ നാരായണി എന്ന തടവുകാരിക്ക് ശബ്ദം നൽകിയും ലളിത ശ്രദ്ധ പിടിച്ചുപറ്റി. ക്യാരക്ടർ റോളുകളിലും നർമവേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ലളിതക്ക് 1991ൽ 'അമ'രത്തിലൂടെയും 2000ത്തിൽ 'ശാന്ത'ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാന വേഷത്തിലെത്തിയിരുന്നു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. 1998 ലായിരുന്നു ഭരതന്റെ വിയോഗം.
അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലൂടെ വീണ്ടും സജീവമായി. 'കാതലുക്ക് മര്യാദൈ', മണിരത്നത്തിന്റെ 'അലൈപായുതേ', 'കാട്രുവെളിയിടെ' തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്. കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായതിനാൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില് വടക്കാഞ്ചേരിയില് മത്സരിപ്പിക്കുന്നതിന് സി.പി.എം തീരുമാനിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കി. ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹിള വിഭാഗത്തിന്റെ സംസ്ഥാന ജോയൻറ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 'കഥതുടരും' എന്നതാണ് ജീവചരിത്രത്തിന്റെ പേര്. അതിനു ചെറുകാട് പുരസ്കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.