ഫിഷും മട്ടനും ചിക്കനും വിളമ്പി ഇടംപിടിച്ചു; ആ ഡയലോഗുകൾ മലയാളി മറക്കില്ല, ഒരാഗ്രഹം ബാക്കിയാക്കി കോട്ടയം പ്രദീപ് മടങ്ങി
text_fieldsഗൗതം വാസുദേവ മോനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ 'വിണ്ണൈത്താണ്ടി വരുവായ'എന്ന ചിത്രത്തിലെ അമ്മാവനെ മലയാളി എന്നല്ല, ആ സിനിമ കണ്ടവരാരും മറക്കാൻ ഇടയില്ല. ''ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്...കഴിച്ചോളൂ, കഴിച്ചോളൂ' എന്ന് തമിഴ്നാട്ടിൽനിന്നും വിരുന്നെത്തിയ അതിഥികളോട് മര്യാദ കാണിക്കുന്ന കുട്ടനാട്ടുകാരൻ അമ്മാവൻ. കോട്ടയം പ്രദീപിനെ ഓർക്കാൻ ആ ഒരൊറ്റ ഡയലോഗ് മതിയാകും സിനിമ പ്രേമികൾക്ക്.
വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രദീപ് മലയാളികൾക്കിടയിൽ ഇടംപിടിച്ചത് വളരെ വേഗത്തിലായിരുന്നു. ഒരു സീനീലേ ഉള്ളൂവെങ്കിലും അത് നന്നായി ചെയ്തു എന്ന് കേള്‍ക്കുന്നതായിരുന്നു കോട്ടയം പ്രദീപിന് സന്തോഷം. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം പലപ്പോഴും ഒരേ സ്വഭാവമായപ്പോഴും പ്രദീപ് അവയെല്ലാം മനോഹരമാക്കി സംതൃപ്തി കണ്ടെത്തി. കോമഡി കഥാപാത്രങ്ങളില്‍ നിന്നൊരു മാറ്റം വേണമെന്നും സീരിയസ് ആയ വേഷം അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ അവസരം ലഭിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പല അഭിമുഖങ്ങളിലും അത് തുറന്നുപറയുകയും ചെയ്തു. ആ ആഗ്രഹം ബാക്കിയാക്കിയാണ് പ്രദീപ് മടങ്ങുന്നത്.
സ്കൂൾ പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു നടൻ. നിരവധി ടെലി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് സിനിമയുടെ ഭാഗമാവുന്നത്. എൽ.ഐ.സി ഉദ്യോഗസ്ഥനായി 89 മുതൽ സർവീസിലുണ്ടായിരുന്നു.
വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാല് മണിയോടെ അന്ത്യം സംഭവിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും അനുശോചനപ്രവാഹമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മരണത്തിൽ അനുശോചിച്ചു.
കോട്ടയം പ്രദീപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും പത്തു വര്‍ഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടകത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് വന്ന് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ പ്രദീപ് കോട്ടയത്തിന്റെ ആകസ്മിക വിയോഗം വേദനാജനകമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.