വിവർത്തനത്തിനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി മലയാളി
text_fieldsദുബായ്: ഫലസ്തീനിലെ റാമല്ല അടിസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ട്രാൻസ്ലേറ്റർസ് അസോസിയേഷൻ (അർട്ട) ഏർപ്പെടുത്തിയ പരിഭാഷയ്ക്കുള്ള സവിശേഷ അവാർഡിന് ദുബൈയിൽ ജോലി ചെയ്യുന്ന കണ്ണൂർ ഉളിയിൽ സ്വദേശി അബ്ദുൽ ഗഫൂർ നിരത്തരികിൽ അർഹനായി. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിൽ നടത്തിയ പരിഭാഷകളും ബഹുഭാഷാ പാണ്ഡിത്യവും പരിഗണിച്ചാണ് അവാർഡ്.
നാല് നോവലുകളും നിരവധി കവിതകളും ചെറുകഥകളും ലേഖനങ്ങളും അറബിയിൽനിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ ചില കവിതകളുടെ കവിതകൾ അറബിയിലേക്കും പരിഭാഷ ചെയ്തിട്ടുണ്ട്. ഉറുദുവിൽനിന്നും ഇoഗ്‌ളീഷിൽനിന്നും കവിതകൾ അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
കാസറഗോഡ് ആലിയ അറബിക് കോളേജ്, കോഴിക്കോട് ദഅവാ കോളേജ് എന്നിവിടങ്ങളിൽനിന്ന് പഠിച്ചറങ്ങിയ അബ്ദുൽ ഗഫൂർ കോഴിക്കോട് സർവ്വകലാശാലയിൽനിന്നു മലയാളസാഹിത്യത്തിൽ ബിരുദവും ഹിന്ദിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
ഇരുപത്തിനാലു വർഷമായി ദുബൈയിൽ പ്രവാസിയാണ്. ഇപ്പോൾ കലിമാത്ത് എന്ന പേരിൽ ദുബൈയിൽ പരിഭാഷാ സ്ഥാപനം നടത്തി വരുന്നു. അബ്ദുൽ ഗഫൂർ അർട്ട അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇൻഡോ-അറബ് ലിറ്റററി ഫോറം എന്ന പേരിൽ ഇന്ത്യക്കാരുടെ അറബി രചനകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ ഉടമകൂടിയാണ് അബ്ദുൽ ഗഫൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.