മലയാളികൾക്ക് ഇന്ന് തിരുവോണം; ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കി ആഘോഷ തിമിർപ്പിൽ
text_fieldsലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണ ലഹരിയിലാണ് നാടും നഗരവും.
ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളുമായി എല്ലാ വർഷങ്ങളിലേയും പോലെ വർണാഭമാണ് ഇക്കുറിയും തിരുവോണം. ഒത്തൊരുമയുടേയും സമത്വത്തിന്റെയും ഉത്സവമായ പൊന്നോണം മലയാളികൾക്ക് ഗൃഹാതുര സ്മരണകളുയർത്തുന്ന ഒന്നാണ്. വറുതിയുടെ കർക്കിടകം കടന്നാണ് സമൃദ്ധിയുടെ തിരുവോണം വന്നെത്തുന്നത്.
ഒരു കൊയ്ത്തുത്സവം എന്നതിനെക്കാളുപരി ഓണം എന്നാൽ മഹാബലിയെ അഥവാ നമ്മുടെ സ്വന്തം മാവേലിയെ വരവേൽക്കുവാനുള്ള ഉത്സവമായിട്ടാണ് കൊണ്ടാടപ്പെടുന്നത്.
കേരള സർക്കാറിന്റെ ഓണ സന്ദേശം
'വിപുലവും പ്രൗഢവുമായ പരിപാടികളോടെ ഓണം വാരാഘോഷത്തിന് തുടക്കമായി. ഇനി സാംസ്കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകൾ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി മല്ലിക സാരാഭായി, ചലച്ചിത്ര താരം ഫഹദ് ഫാസിൽ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ 31 വേദികളിലായി കലാപരിപാടികൾ അരങ്ങേറും. മറ്റു ജില്ലകളിലും പ്രൗഢമായ ആഘോഷങ്ങൾ ഉണ്ടാകും. ഓണം ഒരുമയും ഈണം എന്ന ആശയത്തിൽ ഊന്നിയാണ് ഇക്കൊല്ലത്തെ ഓണാഘോഷം. ഓണം പങ്കുവെക്കുന്ന തുല്യതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സമൃദ്ധമായി ഓണം ആഘോഷിക്കാൻ കഴിയാത്തവരെ കൂടി ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോവുകാനുതകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിജീവന സങ്കൽപ്പംകൂടി പങ്കുവയ്ക്കുന്നതാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ഈ ഓണക്കാലവും നമ്മൾ സമൃദ്ധമാക്കുകയാണ്. ഓണം ഉയർത്തുന്ന അതിജീവന സങ്കൽപ്പത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഈ ഘട്ടത്തിൽ നമ്മളെത്തന്നെ നമുക്കു പുനരർപ്പിക്കാം. എല്ലാവർക്കും ഓണാശംസകൾ.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.