മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും; പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല
text_fieldsകോഴിക്കോട്: സംഘ്പരിവാർ അജണ്ടകളുമായി മുന്നോട്ടുപോകുന്ന ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.
മലയാളം എഴുതാനും വായിക്കാനും താമസിയാതെ താങ്കൾ പഠിക്കും, പഠിപ്പിക്കും എന്നാണ് ഒരു കമൻ്റ്. #Savelakshadweep, #prafulpatelgoback #standwithlakshdweep എന്നീ കമന്റുകളും പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുകയാണ്. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാർ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേൽ രാജിവെച്ച് പോകുക എന്നൊക്കെയാണ് കമൻ്റുകൾ.
ബീഫ് നിരോധനം മുതൽ കുടിയൊഴിപ്പിക്കൽവരെയുള്ള സംഘ്പരിവാർ അജണ്ടകളുമായാണ് അഡ്മിനിസ്ട്രേറ്റർ മുന്നോട്ടുപോകുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായിരുന്നു പ്രഫുൽ കെ പട്ടേൽ. ചുമതലയേറ്റ ശേഷം അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവിൽനിന്ന് മാംസാഹാരം എടുത്തുമാറ്റുകയും ഗോവധ നിരോധന നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾ കുറഞ്ഞ സ്ഥലമെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച ലക്ഷദ്വീപിൽ ഗുണ്ട ആക്ട് ഏർപ്പെടുത്തുകയും ചെയ്തു. മദ്യനിരോധിത മേഖലയായ ദ്വീപിൽ ബാർ ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. ഈ നടപടികൾക്കെതിരെ സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.