നൈജീരിയയിലെ തടവിൽനിന്ന് മലയാളികൾ ശനിയാഴ്ച നാട്ടിലെത്തും
text_fieldsകൊല്ലം: നൈജീരിയൻ നാവികസേന തടവിലാക്കിയ എണ്ണക്കപ്പലിലെ മൂന്ന് മലയാളികളും ശനിയാഴ്ച കേരളത്തിലെത്തും. നൈജീരിയയിൽനിന്ന് ബുധനാഴ്ച അവർ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെത്തി. തടവിൽനിന്ന് മോചിപ്പിക്കപ്പെട്ട കപ്പലിലായിരുന്നു യാത്ര. അവിടെനിന്ന് വിമാനമാർഗം ശനിയാഴ്ച ഉച്ചക്ക് 1.20ന് നെടുമ്പാശ്ശേരിയിലെത്തുമെന്ന് തടവിലായിരുന്ന മലയാളികളിലൊരാളായ കൊല്ലം നിലമേൽ കൈതോട് സ്വദേശി വിജിത്ത് അറിയിച്ചതായി പിതാവ് ത്രിവിക്രമൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് കപ്പലിലെ നാവിഗേറ്റിങ് ഓഫിസറായ വിജിത്ത്. 16 ഇന്ത്യക്കാരടക്കം 26 ജീവനക്കാരടങ്ങുന്ന എം.ടി ഹെറോയിക് ഐഡൻ എണ്ണക്കപ്പൽ രണ്ടാഴ്ചമുമ്പാണ് മോചിപ്പിക്കപ്പെട്ടത്. വിജിത്തിനെ കൂടാതെ കപ്പലിലെ ചീഫ് ഓഫിസർ എറണാകുളം കടവന്ത്ര സ്വദേശി സനു ജോസ്, ഓയിലർ എറണാകുളം സ്വദേശി മിൽട്ടൻ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികൾ. വിഡിയോ കാളിൽ മകൻ തങ്ങളോട് സംസാരിച്ചതായി ത്രിവിക്രമൻ നായർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് ജീവനക്കാരെ മോചിപ്പിക്കാൻ നൈജീരിയൻ കോടതി ഉത്തരവിട്ടത്. ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് കപ്പൽ പുറപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് അസംസ്കൃത എണ്ണ മോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയൻ നാവികസേന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയുമായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ തടഞ്ഞുവെച്ച കപ്പൽ നവംബറിലാണ് നൈജീരിയയിലേക്ക് മാറ്റിയത്. മോചനത്തിന് തങ്ങള്‍ ക്രൂഡ് ഓയില്‍ മോഷ്ടാക്കളല്ലെന്ന് തെളിയിക്കുക മാത്രമല്ല, കമ്പനി രണ്ട് മില്ല്യൻ യു.എസ് ഡോളർ നൽകുകയും ചെയ്യേണ്ടിവന്നു. മാധ്യമങ്ങൾക്കും മുഖ്യമന്ത്രി, എം.പിമാരായ എ.എ. റഹീം, എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ, ജോൺ ബ്രിട്ടാസ്, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർക്കും പ്രത്യേകം നന്ദി പറയുന്നതായി ത്രിവിക്രമൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.