ഝാര്‍ഖണ്ഡില്‍ ഗ്രാമീണര്‍ ബന്ദികളാക്കിയ മലയാളി ബസ് ജീവനക്കാര്‍ക്ക് മോചനം
text_fieldsറാഞ്ചി: ഝാര്‍ഖണ്ഡില്‍ ബന്ദികളാക്കപ്പെട്ട മലയാളി ബസ് ജീവനക്കാരെ മോചിപ്പിച്ചു. അന്തർസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി പോയ രണ്ട് ബസ് ജീവനക്കാരെയാണ് ഗ്രാമീണർ ബന്ദികളാക്കിയത്. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് മോചനം.
കഴിഞ്ഞ 10ാം തീയതി കട്ടപ്പനയിൽ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ബസ്. സാധാരണരീതിയിൽ തിരികെ വരുമ്പോൾ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ജാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ തങ്ങുകയായിരുന്നു.
നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു. നേരത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ബസും വാഹനവും തടഞ്ഞുവെച്ചത്. ബസ് ഉടമയോ ജീവനക്കാരോ അല്ല ഇവര്‍ക്ക് പണം നല്‍കാനുള്ളത്. എന്നാല്‍, ബസ് തടഞ്ഞുവച്ച ഗ്രാമവാസികള്‍ മോചന ദ്രവ്യമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സംഭവം ഝാർഖണ്ഡ് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ കേരളാ പൊലീസീന് വിളിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എ.ഡി.ജി.പി ഝാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ മോചിപ്പിക്കുകയുമായിരുന്നു. നിലവിൽ ബസ് ഗ്രാമവാസികൾ പിടിച്ചുവെച്ചിരിക്കുകയാണ്. മൂന്ന് ലക്ഷ രൂപ നൽകിയാൽ മാത്രമേ ബസ് വിട്ട് നൽകുകയുള്ളൂവെന്നാണ് ഗ്രാമവാസികൾ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.