മുംബൈയിൽ മലയാളി ബിസിനസുകാരൻ മർദനമേറ്റ് മരിച്ചു
text_fieldsമുംബൈ/കുമ്പള: മുംബൈയിൽ കൂറുകച്ചവടക്കാരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി കുന്നിൽ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കൽ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഹനീഫ്(48) ആണ് മരിച്ചത്.
മുംബൈ സ്വദേശി നൂറുൽ ഇസ്‌ലാം ഷെയ്ക്ക് എന്നയാളുടെ മുംബൈ ഡോംഗ്രിയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഹനീഫ്. നേരത്തെ ഇയാളുടെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസിൽ നിന്ന് ഹനീഫയെ ഒഴിവാക്കിയിരുന്നതായി പറയപ്പെടുന്നു. ഈ ഇടപാടിൽ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫക്ക് നൂറുൽ ഇസ്‌ലാം നൽകാനുണ്ടായിരുന്നതായാണ് വിവരം.
പല തവണ ഈ തുക ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്ന് മുഹമ്മദ് ഹനീഫ, ഷെയ്ക്കിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഷെയ്ക്ക് ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. വഴങ്ങാത്തതിനാൽ രണ്ടാഴ്ച മുമ്പ് ഇയാളുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം മുഹമ്മദ് ഹനീഫയെ വധിക്കാൻ ശ്രമിച്ചിരുന്നു.
മാരകമായി പരിക്കേറ്റ് രണ്ടാഴ്ച ചികിത്സയിൽ ആയിരുന്ന ഇയാൾ ശനിയാഴ്ച റൂമിലെത്തിയ ശേഷമാണ് മരിച്ചത്. വധശ്രമത്തിനു ശേഷം നൂറുൽ ഇസ്‌ലാം ഷെയ്ക്കിനും ഗുണ്ടകൾക്കുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. മുംബൈയിലെ മലയാളി സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ കേസിൽ ഇടപെട്ട് സഹായങ്ങൾ ചെയ്തിരുന്നു. മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി ജെ.ജെ. ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.