മലയാളി ദമ്പതിമാരും സുഹൃത്തായ യുവതിയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: ആയുർവേദ ഡോക്ടർമാരായ മലയാളി ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെയും അധ്യാപിക ലതയുടെയും മകൾ ദേവി മാധവൻ (39) ഇവരുടെ ഭർത്താവും കോട്ടയം മീനടം എൻ.എ. തോമസിന്റെയും മറിയാമ തോമസിന്റെയും മകൻ നവീൻ തോമസ് (39), ഇരുവരുടെയും സുഹൃത്തും തിരുവനന്തപുരം മേലേത്തുമല ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരൻ അനിൽകുമാറിന്റെയും മഞ്ജുവിന്റെയും മകളുമായ ആര്യ (29) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഇട്ടനഗറിനടുത്തുള്ള സിറോയിലെ ഹോട്ടൽ മുറിയിൽ കൈഞരമ്പ് മുറിച്ച് മരിച്ചനിലയിൽ കണ്ടത്. ഹോട്ടൽ ജീവനക്കാരെത്തി മുറികൾ തുറന്നപ്പോൾ രക്തംവാർന്ന് മൂവരെയും മരിച്ചതായി കണ്ടു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് മൃതദേഹത്തിന് അരികിൽനിന്ന് പൊലീസിന് ലഭിച്ചു. മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഫ്രഞ്ച് അധ്യാപികയായിരുന്ന ആര്യ കഴിഞ്ഞ മാസം 27 നാണ് വീട്ടുകാരോടൊന്നും പറയാതെ ഇറങ്ങിപ്പോയത്. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആര്യ സുഹൃത്തായ ദേവിക്കും ഭര്‍ത്താവ് നവീനുമൊപ്പമുണ്ടെന്ന് കണ്ടെത്തി. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ മുമ്പ് ദേവിയും ജോലിചെയ്തിരുന്നു. കോവിഡിന് മുമ്പ് ഇവിടെ ജർമൻ ഭാഷ പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് ആര്യയുമായി പരിചയത്തിലായത്. 27ന് മൂവരും തിരുവനന്തപുരത്തുനിന്ന് വിമാന മാര്‍ഗം ഗുവാഹതിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അസം പൊലീസ് മേധാവിയെ വിവരം അറിയിച്ചിരുന്നു. മീനടത്തെ നവീന്റെ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ നവീനും ദേവിയും അരുണാചൽ പ്രദേശിൽ വിനോദയാത്ര പോകുന്നെന്ന് പറഞ്ഞ് മാർച്ച് 17ന് വീട്ടിൽനിന്ന് ഇറങ്ങിയതായി വിവരം ലഭിച്ചു.
മൂവരും ബ്ലാക്ക് മാജിക്കിന് വശംവദരായിരുന്നെന്നും മരണാനന്തര ജീവിതത്തെക്കുറിച്ച് ഗൂഗിളിൽ പരതിയിരുന്നതായും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായി. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും അന്വേഷണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് പൊലീസും ബുധനാഴ്ച ഇട്ടനഗറിലേക്ക് പോകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.