മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മലയാളിയുടെ മൃതദേഹം: തലക്കും നെഞ്ചിനും പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകോഴിക്കോട്: കർണാടകയിലെ മാണ്ഡ്യയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷാദിന്റെ മരണ കാരണം തലക്കും നെഞ്ചിനുമേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മെയ് 11നാണ് ജംഷാദിനെ മാണ്ഡ്യയിലെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂട്ടുകാർക്കൊപ്പം ബംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജംഷാദിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. രക്ഷിതാക്കൾ മരണത്തിൽ ദുരൂഹതയാരോപിച്ച് പരാതി നൽകി. ആദ്യം ജംഷാദിനൊപ്പം ഉണ്ടായിരുന്ന മൂന്ന് കൂട്ടുകാർക്കെതിരെയാണ് കുടുംബം സംശയം ഉന്നയിച്ചിരുന്നത്. എന്നാൽ ഇവർ ജംഷാദ് ആത്മഹത്യ ചെയ്തുവെന്നാണ് വാദിച്ചത്. യാത്രയിലുടനീളം ജംഷാദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
തലക്കും നെഞ്ചിനുമേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിൽ ഗ്രീസിന്റെ അംശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രീസിന്റെ അംശം കണ്ടെത്തിയത് ട്രെയിൻ തട്ടിയാകാം മരണം എന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്.
എന്നാൽ ട്രെയിൻ നേരെ ഇടിച്ചതിന്റെ പരിക്കല്ലെന്നും വശങ്ങളിൽ നിന്നോ, ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെയോ അപകടം പറ്റിയതാകാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മറ്റ് ശാസ്ത്രീയ പരിശോധനകളൊന്നും നടന്നിട്ടില്ല. പോസ്റ്റ്മോർട്ടം അടക്കമുള്ളവ കർണാടകയിലാണ് നടന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്. കൂട്ടുകാർ ലഹരിയോ മറ്റോ നൽകി അപായപ്പെടുത്തിയതാണോ എന്ന സംശയവും കുടുംബം ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.