‘ബിനിലേട്ടൻ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാൻ കണ്ടു; കമിഴ്ന്നുകിടക്കുകയായിരുന്നു, ഞാൻ ചെന്ന് നേരെയാക്കി’ -മലയാളി റഷ്യയിൽ മരിച്ചത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുള്ള സുഹൃത്ത്
text_fieldsതൃശൂർ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിൻ. കുട്ടനല്ലൂർ കരുണ ലെയ്ൻ തോളത്ത് വീട്ടിൽ ബാബുവിന്റെ മകൻ ബിനിലാണ് (32) യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിനിൽ കൊല്ലപ്പെട്ട വിവരം ജയിൻ ബന്ധുക്കളെ വിഡിയോ കോൾ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് വിശദവിവരങ്ങൾ അറിയിച്ചത്. മറ്റൊരു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജയിൻ മോസ്കോയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
‘ബിനിലേട്ടൻ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയത്. ഞാൻ അടുത്ത ദിവസമാണ് പോയത്. പോകുന്ന വഴി ബിനിലേട്ടൻ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാൻ കണ്ടു. പേടിച്ച് പോയി നോക്കിയപ്പോൾ ദേഹത്ത് മുഴുവൻ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു. ഞാൻ തിരിച്ച് അവരെ വിവരം അറിയിച്ചു. അപ്പോൾ അവർ ‘അവിടെ നിൽക്കരുത്’ എന്ന് പറഞ്ഞ് എന്നെ തിരികെ ഓടിച്ചു. ഞാൻ നോക്കുമ്പോൾ കമിഴ്ന്നുകിടക്കുകയായിരുന്നു. ഞാൻ ചെന്ന് നേരെയാക്കി. അപ്പോഴേക്കും ശരീരമൊക്കെ മരവിച്ച് പോയിരുന്നു. ശ്വാസം നോക്കിയപ്പോൾ അതും കണ്ടില്ല. വെടി കൊണ്ടതല്ല. ഡ്രോൺ അറ്റാക്കാണ്. അതും കഴിഞ്ഞ് പോകുന്ന വഴി എന്റെ നേർക്കും ഡ്രോൺ അറ്റാക്കുണ്ടായി. ഞാൻ തിരികെ ചെന്ന് എനിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആശുപത്രിയിൽ പോകണം എന്നും അറിയിച്ചു. പിറ്റെ ദിവസം എന്നെ അവിടെ നിന്ന് തിരിച്ചിറക്കി. ബിനിലേട്ടൻ അഞ്ചാം തീയ്യതി ആണ് പോയതെന്ന് തോന്നുന്നു. ആറാം തീയതി രാവിലെയാണ് ഞാൻ കണ്ടത്’ -ജെയിൻ അയച്ച സന്ദേശത്തിൽ പറയുന്നു.
മരണവിവരം ബിനിലിന്റെ കുടുംബത്തെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിലാണ് ബിനിൽ ഇലക്ട്രീഷ്യൻ ജോലിക്ക് എന്നു പറഞ്ഞ് റഷ്യയിലേക്കു പോയത്. സാധനസാമഗ്രികൾ യുദ്ധമുഖത്ത് എത്തിക്കുന്ന ജോലിയാണ് ലഭിച്ചതത്രേ. ജനുവരി ഒന്നിന് വീട്ടിൽ വിളിച്ച് യുദ്ധമുഖത്തേക്കു പോകുന്നതായി പറഞ്ഞിരുന്നു. ലൈസയാണ് ബിനിലിന്റെ മാതാവ്. ഭാര്യ: ജോയ്സി. അഞ്ചുമാസം പ്രായമായ കുഞ്ഞുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.