കുംഭമേളക്ക് സുഹൃത്തിനൊപ്പം പോയ മലയാളിയെ കാണാനില്ല; സുഹൃത്ത് തിരിച്ചെത്തി
text_fieldsചെങ്ങന്നൂര്‍: പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കൂട്ടുകാരനോടൊപ്പം ചെങ്ങന്നൂരിൽ നിന്നും പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്. ജോജു (42) നെയാണ് കാണാതായത്. സുഹൃത്ത് നാട്ടില്‍ തിരികെ എത്തിയതായും മകള്‍ ചെങ്ങന്നൂര്‍ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുഹൃത്തിനേട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
അയല്‍ക്കാരനായ കുടുംബ സുഹൃത്തിനൊപ്പം ഇക്കഴിഞ്ഞ ഒമ്പതിനാണ് ജോജു ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം പോയത്. പിന്നീട് വിവരങ്ങള്‍ തിരക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
12ന് ജോജു മറ്റൊരു ഫോണില്‍ വീട്ടിലേക്ക് വിളിച്ച് തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയതായി അറിയിച്ചു. ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണിലാണ് വിളിക്കുന്നതെന്നും തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും അന്ന് പറഞ്ഞിരുന്നു. ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല.
അതേ സമയം ജോജുവിനെ കൂട്ടിക്കൊണ്ടു പോയ അയല്‍വാസി 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു. ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
അതേസമയം, ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് അയൽവാസി പറഞ്ഞു. കുംഭമേളയില്‍ പങ്കെടുത്ത ശേഷം ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി. അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും വന്നപ്പോൾ അവരെ കൂട്ടി പ്രയാഗില്‍ പോയതായും തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാൾ പറയുന്നു.
അതിനിടെ കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്‍ മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസിൽ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.