യു.കെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: ഭർത്താവിനെ വിചാരണ ചെയ്തു തുടങ്ങി
text_fieldsവൈക്കം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാജുവിനെ വിചാരണ ചെയ്തു തുടങ്ങി.കഴിഞ്ഞദിവസം കൊല നടന്ന വില്ലയിലും മറ്റു സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടക്കൊലയിൽ സാജുവിന്റെ പങ്ക് തെളിയിക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.
അതിനിടെ, പൊലീസ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പിയുടെയടക്കം ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസി, നോർക്ക, യു.കെ മലയാളി അസോസിയേഷനും ശ്രമം ആരംഭിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് ഇന്ത്യൻ എംബസിയും നോർക്കയും മലയാളി അസോസിയേഷനും ചേർന്ന് വഹിക്കുമെന്ന് എം.പി പറഞ്ഞു. അഞ്ജുവിനെയും മക്കളെയും ഉറക്കത്തിൽ സാജു കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ നിഗമനം.
അഞ്ജു ചെറുത്തുനിൽപ് നടത്തിയതായി സൂചന ലഭിക്കാത്തതുകൊണ്ടാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ശ്വാസംമുട്ടിച്ചു കൊന്നശേഷം മൂവരുടെയും ദേഹത്ത് മുറിവുകളുമുണ്ടാക്കി. കഴിഞ്ഞ 15ന് രാത്രി ഒമ്പതിന് ശേഷമാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്.അഞ്ജു ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് രാത്രി 11.15ഓടെ വീട്ടിലെത്തിയ സഹപ്രവർത്തകരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.