യു.എസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
text_fieldsഫ്ലോറിഡ: യു.എസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം വിധിച്ചു. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയിയാണ് (27) കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനാണ് (നെവിൻ– 37) ഫ്ലോറിഡയിലെ കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം വിധിച്ചത്.
2020 ജൂലൈ 28നാണ് ആക്രമണം നടന്നത്. മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ കുത്തിവീഴ്ത്തുകയായിരുന്നു. ശേഷം കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. 17 തവണ കുത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.
കുടുംബ വഴക്കിനെ തുടർന്ന് മെറിനും ഫിലിപ്പും വേറെയായിരുന്നു താമസിച്ചിരുന്നത്. അതേസമയം, ഫിലിപ്പിന് പരോളില്ലാത്ത ജീവപര്യന്തമായതിനാൽ ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നു യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതി അപ്പീൽ നൽകാനുള്ള അവകാശം ഉപേക്ഷിക്കുന്നതിനാലാണ് വധശിക്ഷ ഒഴിവാക്കാനുള്ള തീരുമാനമെന്ന് സ്റ്റേറ്റ് അറ്റോർണി ഓഫീസ് വക്താവ് പോള മക്മഹോൺ പറഞ്ഞു.
മെറിന്റെ ബന്ധുവായ ടാമ്പയിൽ താമസിക്കുന്ന ജോബി ഫിലിപ്പ് സൂമിൽ ഹിയറിംഗ് വീക്ഷിച്ചു. തുടർന്ന് വിധി മെറിന്റെ കുടുംബത്തിന് പരിഭാഷപ്പെടുത്തി. തന്റെ മകളുടെ കൊലയാളി ജയിലിൽ ശേഷിക്കുന്ന വർഷങ്ങളിൽ തുടരുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മെറിന്റെ മാതാവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.