ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
text_fieldsആലപ്പുഴ: ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചതായി പരാതി. സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ എസ്. ആദിലിനെയാണ് (19) നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചത്
രക്ഷപ്പെട്ട് നാട്ടിലെത്തിയ ആദിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഏജന്‍റുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പിന്നീട് നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകർത്തുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ഇത് വിതരണം ചെയ്യുന്ന ഏജന്‍റാണെന്നും മുദ്രപ്പത്രത്തിൽ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അവശനായ ആദിലിനെ മർദിച്ചവർതന്നെ ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നു.
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നപ്പോൾ പഠിക്കുന്നിടത്തുനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പൂർണപ്രഗ്ന കോളജിലാണ് രജിസ്ട്രേഷൻ എന്നത് ആദിൽ ചോദ്യം ചെയ്തിരുന്നു. ഈ വിവരം കോളജ് മാനേജ്മെന്റിനെയും വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. ഇതിനിടെ, അഫിലിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ചതെന്ന് ആദിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.