ഇസ്രായേലിൽ മുങ്ങിയവർക്കായി ഇന്ത്യൻ എംബസി അന്വേഷണമാരംഭിച്ചു
text_fieldsമലപ്പുറം: ഇസ്രായേലിൽ തീർഥാടകസംഘത്തിൽനിന്ന് മുങ്ങിയ മലയാളികൾക്കായി വിദേശകാര്യ മന്ത്രാലയം അന്വേഷണമാരംഭിച്ചു. കേരളത്തിൽനിന്ന് അവസാനം പോയി ഇസ്രായേലിൽ കാണാതായ തിരുവനന്തപുരം, കൊല്ലം സ്വദേശികളെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഇപ്രകാരം അനധികൃതമായി കുടിയേറുന്നവരെ സഹായിക്കുന്ന സംഘം ഇസ്രായേലിലുണ്ടെന്നാണ് റിപ്പോർട്ട്. വലിയ റാക്കറ്റാണ് ഇതിനു പിന്നിൽ. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസും മുങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്തെ ട്രാവൽസ് വഴി യാത്ര തിരിച്ചവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. ഇടുക്കി ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിനാണ് അന്വേഷണച്ചുമതല.
കാണാതായ ഏഴുപേർ ഉൾപ്പെടെ 11 പേർക്കായി ട്രാവൽസിൽ പണമടച്ചത് സോളമൻ എന്നയാളാണ്. ഇയാൾ സുലൈമാൻ എന്ന പേരിലാണ് ട്രാവൽസുമായി ഫോണിൽ ബന്ധപ്പെട്ടത്. ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ലോബിയുടെ ഭാഗമാണിയാൾ എന്നാണ് സംശയം. ഇസ്രായേലിൽ ഏഴുപേരെ കാണാതായതോടെ ഇദ്ദേഹവും മുങ്ങിയിരിക്കയാണ്.
കേരളത്തിലെ വിവിധ ട്രാവൽസുകൾ വഴി സമാന രീതിയിൽ ഇസ്രായേലിലേക്ക് കടന്ന് മുങ്ങിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ നേരത്തേയുണ്ടായിട്ടും പല ട്രാവൽസുകളും പരാതി നൽകിയില്ലെന്നാണ് വിവരം. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് വഴി പുറപ്പെട്ട 47 പേരിൽ അഞ്ചുപേരാണ് ജൂലൈ 26ന് ഇസ്രായേലിലെ ജറൂസലമിൽ ഒളിച്ചോടിയത്.
ബൈത്തുൽ മുഖദ്ദിസ് തീർഥാടനത്തിനിടെയായിരുന്നു മുങ്ങൽ. കഴിഞ്ഞ മാർച്ചിൽ ഇതേ ട്രാവൽസ് വഴി പുറപ്പെട്ട സംഘത്തിലെ നാലുപേർ ഇസ്രായേലിൽ മുങ്ങിയിരുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല. ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് സന്ദർശനമടങ്ങുന്ന ഹോളിലാൻഡ് ടൂർ പാക്കേജിലാണ് ആളുകൾ യാത്ര തിരിക്കുന്നത്. ജൂലൈ 25ന് പുറപ്പെട്ട സംഘത്തിലെ ബാക്കി യാത്രക്കാർ വെള്ളിയാഴ്ച കരിപ്പൂർ വഴി തിരിച്ചെത്തും. ഈജിപ്തിൽനിന്ന് ബഹ്റൈൻ വഴിയാണ് ഇവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.