ആശ്വാസതീരമണഞ്ഞ് നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ
text_fieldsകൊച്ചി: നൈജീരിയയിൽ തടവിലാക്കപ്പെട്ട കപ്പൽ ജീവനക്കാരായ മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് എളംകുളം കുമാരനാശാൻ നഗറിലെ താമസക്കാരനായ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നീ മൂന്ന് മലയാളികൾ തിരിച്ചെത്തിയത്.
നൈജീരിയൻ കടലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും നാവികസേനയുടെ ഉത്തരവുകൾ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് ക്രൂഡ് ഓയിൽ ടാങ്കറായ എംടി ഹീറോയിക് ഇഡൂൺ കപ്പൽ നൈജീരിയൻ സേന പിടിച്ചെടുക്കുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഇവർ കസ്റ്റഡിയിലെടുക്കപ്പെട്ടത്. 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികർ. മൂന്നുപേരാണ് മലയാളികൾ.
ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നാവികസേനയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് നാവികസേന ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ നൈജീരിയൻ അധികൃതർക്ക് കൈമാറുകയും നാവികസേന ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പിന്നീട് മോചനദ്രവ്യം നൽകുകയും അന്താരാഷ്ട്ര തലത്തിൽ പലവിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. സുദീർഘമായ നയതന്ത്ര ഇടപെടലുകൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചിട്ടുണ്ട്.
നാട്ടിലേക്ക് തിരിച്ചെത്താനായതിൽ ഒരുപാടു പേരോട് നന്ദി പറയുന്നതായി സനുജോസ്, വിജിത്ത്, മിൽട്ടൺ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങൾ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരും സ്വീകരിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.