രാവും പകലും ബങ്കറുകളിൽ തള്ളിനീക്കി മലയാളി വിദ്യാർഥികൾ
text_fieldsപഴയങ്ങാടി (കണ്ണൂർ): ജീവൻ മുറുകെപിടിച്ച് രാവും പകലും ബങ്കറുകളിൽ തള്ളിനീക്കുകയാണ് മലയാളി വിദ്യാർഥികൾ. പ്രാഥമികാവശ്യങ്ങൾക്കും മറ്റുമായി ബങ്കറിൽ നിന്ന് പുറത്തു കടക്കാനൊരുങ്ങിയപ്പോൾ അടുത്ത ഷെല്ലാക്രമണത്തിന്റെ മുന്നറിയിപ്പായി സൈറൺ മുഴങ്ങുന്നു. വീണ്ടും ബങ്കറിലേക്ക് തിരിഞ്ഞോടുന്നു.
ഇതാണ് ഇപ്പോൾ യുക്രെയ്നിൽ വൈദ്യ പഠനത്തിനെത്തിയ നൂറുകണക്കിനു മലയാളി വിദ്യാർഥികളുടെ ദയനീയാവസ്ഥ. ഖാർകിവിലെ മൂന്ന് ബങ്കറുകളിൽ മാത്രം ആയിരത്തോളം മലയാളി വിദ്യാർഥികളാണ് തിങ്ങിഞെരുങ്ങി കഴിയുന്നത്. ഒറ്റ ബങ്കറിൽ തന്നെ മുന്നൂറിലധികം വിദ്യാർഥികളാണുള്ളത്. അത്യാവശ്യത്തിനു ശേഖരിച്ചു വെച്ച ഭക്ഷ്യവസ്തുക്കളും വെള്ളവും തീരാറായെന്ന് എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥി ഹിദാഷും സഹവിദ്യാർഥികളും ഫോണിൽ മാധ്യമത്തോട് പങ്കു വെച്ചു.
പഴയങ്ങാടി സ്വദേശി ഇട്ടാൽ ശരീഫ്- ടി.വി. ഫാത്തിബി ദമ്പതികളുടെ മകനാണ് ഫിദാഷ്, ഫിദാഷിന്റെ പിതൃസഹോദരൻ മൻസൂർ-ബാവുവളപ്പിൽ ഷംസീന ദമ്പതികളുടെ മകൾ ഫാത്തിമത്ത് ഷസ, എ.വി. അബ്ദുൽ റശീദ്-റശീദ ദമ്പതികളുടെ മകൾ ഫിസ റശ എന്നിവർ ഒരുമിച്ചാണ് കഴിഞ്ഞ ഡിസംബർ 11ന് 120 പേരടങ്ങുന്ന വിദ്യാർഥി സംഘത്തോടൊപ്പം എം.ബി.ബി.എസ് പഠനത്തിന് യുക്രെയ്നിലെത്തിയത്.
'തണുത്തുവിറച്ച് കിലോമീറ്ററുകൾ നടന്നു'
കൊച്ചി: ''താപനില വളരെ കുറവായതിനാൽ തണുത്തുവിറച്ചാണ് കിലോമീറ്ററുകൾ നടന്നത്. തണുപ്പുകാരണം മസിൽ വേദന കഠിനമായി, ഒരടി മുന്നോട്ടുവെക്കാനാവുന്നില്ല. യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ വന്ന് കുടുങ്ങിക്കിടക്കുകയാണ് എല്ലാവരും.'' യുക്രെയ്നിൽനിന്ന് സ്വദേശത്തേക്ക് മടങ്ങാൻ കിലോമീറ്ററുകൾ നടന്ന് പോളണ്ട് അതിർത്തിയിലെത്തിയ മലയാളി വിദ്യാർഥികളുടെ ദുരിതം പങ്കുവെക്കുന്നത് എറണാകുളം ചെറായി സ്വദേശി അനീറ്റയാണ്. തണുപ്പും ഭയവും മൂലം വിറയാർന്ന സ്വരത്തിലാണ് അനീറ്റ തങ്ങളുടെ വേദനകൾ വിഡിയോയിലൂടെ പങ്കുവെക്കുന്നത്.
അതിർത്തി കടക്കാനാവാത്ത സ്ഥിതിയാണെന്നും എല്ലാവരും ഇവിടെയുള്ള ഒരു പെട്രോൾ പമ്പിൽ അഭയം തേടിയിരിക്കുകയാണെന്നും അനീറ്റ പറയുന്നു. ''ഇവിടെയെത്തിയപ്പോഴാണറിഞ്ഞത് അതിർത്തിയൊന്നും തുറന്നിട്ടില്ലെന്ന്. കുറേപ്പേർ മണിക്കൂറുകളായി ഈ പ്രദേശത്ത് കാത്തുനിൽപ്പുണ്ട്. നിരാശരായ കുറേപ്പേർ തിരികെ പോകുന്നുമുണ്ട്. ആർക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല'' ആശങ്ക നിറഞ്ഞ വാക്കുകൾ.
പോളണ്ട് അതിർത്തിയിൽ കുടുങ്ങി
മൂവാറ്റുപുഴ: യുക്രെയ്നിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂവാറ്റുപുഴ സ്വദേശികളായ മെഡിക്കൽ വിദ്യാർഥികളടക്കം 50ഓളം മലയാളികൾ പോളണ്ട് അതിർത്തിയിൽ കുടുങ്ങി. മൂവാറ്റുപുഴ രണ്ടാർ സ്വദേശി വിഷ്ണു, കടാതി സ്വദേശി അഞ്ജലി എന്നിവരുൾപ്പെടെയുള്ളവരാണ് പോളണ്ട് അതിർത്തിയിൽ കാത്തുനിൽക്കുന്നത്. ലിവിവി നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികളായ ഇവരോട് ഏറ്റവും അടുത്തുള്ള രാജ്യത്തേക്ക് കടക്കാൻ ഇന്ത്യൻ എംബസിയിൽനിന്ന് അറിയിച്ചിരുന്നു.
ഇതനുസരിച്ച് വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള യുക്രെയ്ൻ-പോളണ്ട് അതിർത്തിയായ ഷെഹിനിയിലേക്ക് പുറപ്പെടുകയായിരുന്നു. തിരക്കുമൂലം വാഹനഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് 20 കിലോമീറ്റർ നടന്നാണ് ഇവർ അതിർത്തിയിൽ എത്തിയത്. എന്നാൽ, യുക്രെയ്ൻ പൗരത്വമുള്ള ജനങ്ങളെ ആദ്യം പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ ജനത പ്രക്ഷോഭം തുടങ്ങിയതോടെ അതിർത്തി അടച്ചതോടെ വഴിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.