മലയോര പട്ടയത്തിനുള്ള സംയുക്ത പരിശോധന ഏപ്രിലില്‍ തുടങ്ങും; വിവരശേഖരണത്തിലൂടെ ലഭിച്ചത് 59,830 അപേക്ഷകൾ
text_fieldsതൃശൂർ: വനഭൂമിയിൽ താമസിക്കുന്നവർക്ക് ആശ്വാസമാകാൻ മലയോര പട്ടയത്തിനുള്ള പരിശോധന തുടങ്ങുന്നു. ഏപ്രിൽ ഒന്നിനുതന്നെ പട്ടയപരിശോധന ആരംഭിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നൽകാനാണ് തീരുമാനം.
പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിലിൽ ആരംഭിക്കുന്നതിന് റവന്യൂ, വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കേരളത്തിലെ മലയോര മേഖലയില്‍ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഇത് ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാൻ തീരുമാനമായത്. 2024 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ. ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് കേന്ദ്രാനുമതി ലഭിച്ചത്.
1993ലെ പുതിയ ചട്ടപ്രകാരം 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയവരുടെ പട്ടയം അപേക്ഷകള്‍ സ്വീകരിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമായിരുന്നില്ല.
കുടിയേറ്റക്കാരുടെയും ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് അന്തിമ പരിഹാരമായിരിക്കുന്നത്. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും അതത് പ്രദേശത്ത് ബാധകമായ പതിവ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതക്ക് അനുസൃതമായി പട്ടയം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2024 മാര്‍ച്ച് ഒന്നുമുതല്‍ 31 വരെ സമഗ്ര വിവരശേഖരണം നടത്തുന്നതിന് വില്ലേജ് ഓഫിസുകളില്‍ സൗകര്യമൊരുക്കിയിരുന്നു. പിന്നീട്, ജൂലൈ 10 മുതല്‍ 31 വരെ വീണ്ടും സൗകര്യം നല്‍കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.