മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്ന് തന്നെ -വാട്സ്ആപ്പിന്റെ മറുപടി
text_fieldsതിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തിൽ പൊലീസിന്റെ അന്വേഷണത്തിന് വാട്സ്ആപ് മറുപടി നൽകി. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന്റെ ഫോണിൽ നിന്ന് തന്നെയാണ് എന്നാണ് മറുപടി. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിട്ടില്ല. ഇതോടെ, കൂടുതൽ വിശദീകരണം തേടി പൊലീസ് മെറ്റയ്ക്കും ഗൂഗ്ളിനും കത്തയച്ചു.
അതേസമയം, വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രൂപ്പുകളുടെ സ്ക്രീൻഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണൻ ശ്രമം നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോൺ ഇന്ന് ഫൊറൻസിക് പരിശോധനക്ക് അയക്കും. വിവരങ്ങൽ ഡിലീറ്റ് ചെയ്ത് ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസം കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന നിലപാട് ഗോപാലകൃഷ്ണൻ ആവര്‍ത്തിക്കുകയാണ് ചെയ്തത്. വാട്സ്ആപ്പിൽ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്തെന്നും ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസം 30ന് ആണു ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും കെ. ഗോപാലകൃഷ്ണൻ വിശദീകരിക്കുകയായിരുന്നു. ഹാക്ക് ചെയ്തവർ ‘മല്ലു മുസ്ലിം ഓഫിസേഴ്സ്’എന്ന പേരിൽ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോൺടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടും ഗോപാലകൃഷ്ണൻ വിശദീകരണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.