മല്ലു ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്: തെളിവ് തേടി വാട്സ്ആപ്പിന് കത്തയച്ചു
text_fieldsതിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തുടങ്ങിയ മല്ലു ഹിന്ദു ഓഫിസേഴ്സ് വാട്സ്ആപ് ഗ്രൂപ്പിനെച്ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. തന്റെ വാട്സ്ആപ് ആരോ ഹാക്ക് ചെയ്ത് ഗ്രൂപ്പുണ്ടാക്കിയെന്ന വ്യവസായ വകുപ്പു സെക്രട്ടറി കെ. ഗോപാലകൃഷ്ണന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറിയിച്ചു.
നിലവിൽ കേസെടുക്കാനുള്ള തെളിവില്ല. ഹാക്ക് ചെയ്തതിൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിന് സൈബർ പൊലീസ് കത്തയച്ചു. മറുപടി ലഭിക്കുന്ന മുറക്ക് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ഗോപാലകൃഷ്ണന്റെ മൊഴിയും രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തില്‍ ഗ്രൂപ് ഉണ്ടായതിനെ ഗൗരവത്തില്‍ കാണുന്നെന്നാണ് സർക്കാർ വിശദീകരണം. വിഷയത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടിയേക്കും.
എന്നാൽ, ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ മാത്രമല്ല ഫോൺ ഹാക്ക് ചെയ്തവർ തന്നെ അഡ്മിനാക്കി 'മല്ലു മുസ്ലിം ഓഫിസേഴ്സ് എന്ന ഗ്രൂപ്പും ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെ വാദം.മതാടിസ്ഥാനത്തിലുണ്ടാക്കിയ ഗ്രൂപ്പിനെ ചൊല്ലി ഒരുപാട് സംശയങ്ങളും ദുരൂഹതയും ബാക്കിയാണ്.
ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഗോപാലകൃഷ്ണൻ. അതേസമയം, ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലിം ഗ്രൂപ് നിലവിൽവന്നതെന്ന് സ്കീൻ ഷോട്ട് വ്യക്തമാക്കുന്നു. തന്റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്താണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. പക്ഷെ, രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.