മതാടിസ്ഥാനത്തിൽ ഗ്രൂപ്: ഗോപാലകൃഷ്ണനെതിരായ റിപ്പോർട്ട് കൈമാറി; റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെന്ന് ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയതിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരായ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഗോപാലകൃഷ്ണന്റെ വിശദീകരണം തേടുമെന്ന് അവർ പറഞ്ഞു.
ഫോൺ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. മെറ്റ, ഗൂഗ്ൾ, ഇന്റർനെറ്റ് സേവന ദാതാവ് തുടങ്ങിയവരെല്ലാം ഈ വാദം തള്ളുന്ന റിപ്പോർട്ടാണ് പൊലീസിന് കൈമാറിയത്. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യുകയോ ബാഹ്യനിയന്ത്രണം ഉണ്ടാകുകയോ ചെയ്തിട്ടില്ല. മറ്റ് ഐ.പി അഡ്രസുകളൊന്നും കണ്ടെത്താനുമായില്ല.
ഗോപാലകൃഷ്ണൻ ഉപയോഗിക്കുന്ന രണ്ട് ഫോണുകളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴും ഹാക്ക് ചെയ്തത് കണ്ടെത്താനായില്ല. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നുള്ള ആപ്പുകളല്ലാതെ മറ്റൊന്നും ഉപയോഗിച്ചില്ലെന്ന റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന വിലയിരുത്തലിലാണ് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണർ എസ്. സ്പർജൻ കുമാർ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
ഒക്ടോബർ 30ന് ദീപാവലി ആശംസ അയക്കാനെന്ന വ്യാജേനയാണ് ഹിന്ദു വിഭാഗത്തിൽപെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഇതു വിവാദമായതോടെ തൊട്ടടുത്ത ദിവസം മല്ലു മുസ്ലിം ഓഫിസേഴ്സ് എന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി.
രണ്ട് ഗ്രൂപ്പുകളും ഡിലീറ്റാക്കി ഫോർമാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണൻ ഫോറൻസിക് പരിശോധനക്ക് ഫോൺ പൊലീസിന് കൈമാറിയത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് പെരുമാറ്റ ചട്ടലംഘനമായതിനാൽ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഹിന്ദു മല്ലു ഓഫിസേഴ്സ് വാട്സ്ആപ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് കേന്ദ്രത്തിലെ ബി.ജെ.പി അനുകൂല സർവിസ് സംഘടന നേതാവിന് ഗോപാലകൃഷ്ണൻ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹ മാധ്യമത്തിലൂടെ എൻ. പ്രശാന്ത് പരസ്യവിമർശനവുമായി രംഗത്തെത്തിയതും വാട്സ്ആപ് വിവാദവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഐ.എ.എസുകാർക്കിടയിലെ അണിയറ വർത്തമാനം. മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടതും ഐ.എ.എസുകാരായിരുന്നു. ‘ഉന്നതി’ സി.ഇ.ഒ ആയിരുന്ന പ്രശാന്തിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതും ഇതിന്റെ തുടർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.