ഓളങ്ങള്‍ വഴിമാറി; വിജയ തീരമണഞ്ഞ് മാളു
text_fieldsകോട്ടയം: നാലു മണിക്കൂര്‍ 20 മിനിറ്റ് സമയം; മാളു ഷെയ്ക എന്ന ഇരുപതുകാരി പെണ്‍കുട്ടി വിജയകരമായി വേമ്പനാട്ടുകായല്‍ നീന്തിക്കയറി. രാവിലെ 7.20ന് കുമരകം ബോട്ട് ജെട്ടിയില്‍നിന്ന് ആരംഭിച്ച് 11.40ന് മുഹമ്മ ബോട്ട് ജെട്ടിയില്‍ നീന്തല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒമ്പതു കി.മീ. ദൂരമാണ് ആലുവ എടയാര്‍ സ്വദേശിനി മാളു ഷെയ്ക പിന്നിട്ടത്.
നിശ്ചയദാര്‍ഢ്യവും കഠിനപരിശീലനവും മാത്രം തുണയാക്കിയായിരുന്നു പരിശീലകന്‍ സജി വാളശ്ശേരിക്കൊപ്പമുള്ള മാളുവിന്‍െറ നീന്തല്‍. വനിതകളില്‍ ഒരാള്‍ വേമ്പനാട്ടുകായല്‍ നീന്തിക്കടക്കുന്നത് തന്നെ അപൂര്‍വമായിരുന്നു. കഴിഞ്ഞ ആറുമാസം പെരിയാറില്‍ കഠിനപ്രയത്നം നടത്തിയ ശേഷമാണ് മാളു വേമ്പനാട്ടുകായല്‍ നീന്തിക്കയറാന്‍ എത്തിയത്. രണ്ടു മണിക്കൂര്‍ മുതല്‍ ആറര മണിക്കൂര്‍വരെ തുടര്‍ച്ചയായി പെരിയാറില്‍ നീന്തി പരിശീലിച്ചു. 10 കി.മീ.വരെ നീന്തിയിട്ടുണ്ട് പലപ്പോഴും.
കഴിഞ്ഞ അഞ്ചിന് വേമ്പനാട്ടുകായലില്‍ പരീക്ഷണ നീന്തല്‍ നടത്തിയപ്പോള്‍ നാലുമണിക്കൂര്‍ 10 മിനിറ്റില്‍ നീന്തിക്കയറിയിരുന്നു. അന്നത്തെക്കാള്‍ ഒഴുക്ക് കൂടുതലായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ടതെന്നും അതിനാല്‍ സമയം കൂടുതല്‍ വേണ്ടിവന്നതായും ഇവര്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ്, ട്യൂബ്, റോപ് തുടങ്ങിയ സുരക്ഷ ഉപകരണങ്ങളും സ്കൂബ ഡൈവേഴ്സ് രക്ഷാകവചവും സുരക്ഷക്ക് ഒരുക്കിയിരുന്നു.
ബോട്ട് പോകുന്ന ജലപാതയുടെ ചാല്‍ അനുസരിച്ചാണ് വഴി മനസ്സിലാക്കുന്നത്. തോപ്പുംപടിയിലെ പ്രമുഖ സ്കൂബ ഡൈവേഴ്സ് ടീമിലെ മൂന്നുപേര്‍ ബോട്ടില്‍ സുരക്ഷയുടെ ഭാഗമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പൊലീസിന്‍െറ ഒരു ബോട്ടും ലഘുഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യത്തിന് മറ്റൊരു ബോട്ടും ഉണ്ടായിരുന്നതായി പ്രോഗ്രാം കണ്‍വീനര്‍ സുജീന്ദ്രന്‍ പറഞ്ഞു.
ബി.കോം പൂര്‍ത്തിയായ ശേഷം എം.കോമിന് ചേരാനുള്ള തയാറെടുപ്പിലാണ് മാളു. അന്ധവിദ്യാര്‍ഥി നവനീത്, നട്ടെല്ലിന് വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്ത്, അഞ്ചു വയസ്സുകാരി നിവേദിത തുടങ്ങിയവരെയും പെരിയാറിനു കുറുകെ നീന്താന്‍ സജി പരിശീലിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.