മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
text_fieldsകണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് നടപടി. കണ്ണൂർ കോൺഗ്രസിലെ പ്രബല നേതാവായ മമ്പറം ദിവാകരൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ എതിർപക്ഷക്കാരൻ കൂടിയാണ്.
കണ്ണൂർ ഡി.സി.സി അംഗീകരിച്ച കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ ബദൽ പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്‍റ് മമ്പറം ദിവാകരൻ. അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
മമ്പറം ദിവാകരനും കെ. സുധാകരനും പലതവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടിയുമായി ദിവാകരൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്പറം ദിവാകരൻ മറുപടി നൽകിയത്. കോൺഗ്രസിൽ വന്നശേഷം ഒരിക്കലും പാർട്ടിയിൽനിന്ന് പുറത്തുപോയിട്ടില്ലാത്ത താൻ ഇന്ത്യൻ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിൽനിന്നോ നെഹ്റു കുടുംബത്തിൽനിന്നോ അകന്നുപോകില്ല. കോൺഗ്രസിനുവേണ്ടി ഒരുപാട് പ്രയാസം സഹിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിനുവേണ്ടി രക്തസാക്ഷികളായവരെല്ലാം എെൻറ ഇടവും വലവും നിന്ന് പ്രവർത്തിച്ചവരാണ്. അവരെ മറന്നുകൊണ്ട് കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല. പാർട്ടി വിട്ടുപോയവരും തിരിച്ചുവന്നവരും കുറേയേറെയുണ്ടെന്നും മമ്പറം ദിവാകരൻ അന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.