സുധാകരനോട് കൊമ്പുകോർത്ത് മമ്പറം ഒടുവിൽ പുറത്ത്
text_fieldsകണ്ണൂർ: ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻറും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരന് കോൺഗ്രസിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനുമായുള്ള ഭിന്നത.
തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ ഡി.സി.സിയുടെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നു എന്നതാണ് പുറത്താക്കാൻ കെ.പി.സി.സി നേതൃത്വം ചൂണ്ടിക്കാട്ടിയ കാരണമെങ്കിലും, കെ. സുധാകരൻ എം.പിയുമായുള്ള ഭിന്നത പുകഞ്ഞു പുകഞ്ഞാണ് ഒടുവിൽ പുറത്തേക്കുള്ള വഴി തുറന്നത് എന്നത് വ്യക്തം.
കെ.പി.സി.സി പ്രസിഡൻറ് സുധാകരനെ അംഗീകരിക്കാത്ത കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് മമ്പറം ദിവാകരൻ. രൂക്ഷമായ ഭാഷയിൽ പലതവണ കെ. സുധാകരനെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്. ഇതേത്തുടർന്ന് ഇന്ദിരാഗാന്ധി ആശുപത്രി കോൺഗ്രസിെൻറ അധീനതയിൽ കൊണ്ടുവരാനും പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ദിവാകരനെ ഒഴിവാക്കാനും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് ആയശേഷം ശ്രമം തുടങ്ങിയിരുന്നു.
ഇതിെൻറ കൂടി ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് അതിന് നിമിത്തമായെന്നു മാത്രം.
ബ്രണ്ണന്‍ കോളജിലെ പിണറായി-സുധാകരൻ അടിയും മമ്പറവും
രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെ വീക്ഷിച്ച വിവാദമായിരുന്നു തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയനെ കെ. സുധാകരൻ ചവിട്ടി വീഴ്ത്തിയെന്ന അവകാശവാദവും ഇതിനെതിരെ പിണറായി വിജയെൻറ പ്രതികരണവും. ഈ വിവാദത്തിനിടെ സുധാകരനെ തള്ളി മമ്പറം ദിവാകരന്‍ രംഗത്തെത്തിയിരുന്നു. തെൻറ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് അന്ന് മമ്പറം ദിവാകരന്‍ പറഞ്ഞത്. അന്ന് സുധാകരൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമായിരുന്നു. ഇതോടെയാണ് കെ. സുധാകരനുമായുള്ള ഭിന്നത രൂക്ഷമാക്കിയത്.
തെരഞ്ഞെടുപ്പിൽ കാലുവാരൽ?
2016ൽ പിണറായി വിജയനെതിരെ മമ്പറം ദിവാകരനായിരുന്നു ധർമടം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സി. രഘുനാഥ് മത്സരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിന് പിന്നാലെ മമ്പറം ദിവാകരൻ പാർട്ടി സ്ഥാനാർഥിയുടെ കാലുവാരിയെന്ന ആരോപണവും ഉയർന്നു.
മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന അവസ്ഥയിലാണെന്നും പാര്‍ട്ടിക്ക് അകത്താണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി അധ്യക്ഷനായ ശേഷം കെ. സുധാകരന്‍ എം.പി പ്രതികരിച്ചിരുന്നു. സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു ഇതിന് ദിവാകരെൻറ മറുപടി.
കോൺഗ്രസിൽ വന്നശേഷം ഒരിക്കലും പാർട്ടിയിൽനിന്ന് പുറത്തുപോയിട്ടില്ലാത്ത താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ട്. ഇന്ത്യൻ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിൽനിന്നോ നെഹ്റു കുടുംബത്തിൽനിന്നോ അകന്നുപോകില്ല. കോൺഗ്രസിനുവേണ്ടി ഒരുപാട് പ്രയാസം സഹിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിനുവേണ്ടി രക്തസാക്ഷികളായവരെല്ലാം എെൻറ ഇടവും വലവും നിന്ന് പ്രവർത്തിച്ചവരാണ്. അവരെ മറന്നുകൊണ്ട് കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല. പാർട്ടി വിട്ടുപോയവരും തിരിച്ചുവന്നവരും കുറേയേറെയുണ്ടെന്നും മമ്പറം ദിവാകരൻ തുറന്നടിച്ചു.
കൊലക്കേസിൽ പ്രതി
സി.പി.എം പ്രവർത്തകനും ദിനേശ് ബീഡി തൊഴിലാളിയുമായിരുന്ന കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മമ്പറം ദിവാകരൻ. 1979ൽ ഏഴുവർഷം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
കൂത്തുപറമ്പിലനടുത്ത എരുവട്ടി പന്തക്ക പാറയിലെ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു രാഘവൻ. രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണം രാഘവനാണെന്ന് കരുതി മമ്പറം ദിവാകരൻ ഒരുസംഘം ചെറുപ്പക്കാരെ കൂട്ടി ദിനേശ് ബീഡി ബ്രാഞ്ചിനു നേരെ ബോംബെറിഞ്ഞു അക്രമം നടത്തിയെന്നായിരുന്നു കേസ്. വാൾ ഉപയോഗിച്ച് പത്തോളം ബീഡി തൊഴിലാളികളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
കൂട്ട നടപടി വരുമോ?
മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിെൻറ ഇഷ്ടക്കാരെയും ഒതുക്കുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ ഡി.സി.സി നൽകിയ സ്ഥാനാർഥികൾക്ക് വിരുദ്ധമായി റിബൽ സ്ഥാനാർഥിയായി പത്രിക നൽകിയ ഇ.ജി. ശാന്തയെയും സ്സ്പെൻഡ് ചെയ്തിട്ടുണ്ട്. ഒപ്പം മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. പ്രസാദിനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രനാണ് താൽക്കാലിക ചുമതല നൽകിയത്. മണ്ഡലം പ്രസിഡൻറിെൻറ ചുമതലയിൽ വീഴ്ച വരുത്തിയതിനാലാണ് പ്രസാദിനെ സസ്പെൻഡ് ചെയ്തതെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.