സ്വാതന്ത്ര്യസമര സേനാനിയുടെ സ്മരണയില്‍ മമ്പുറം മഖാം
text_fieldsതിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം.
ആണ്ടുനേര്ച്ചക്കിടെ വന്ന സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിെൻറ ജ്വലിക്കുന്ന ജീവിതം അനുസ്മരിക്കുന്ന വേദി കൂടിയായി മഖാം. ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.എം. ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി. കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ. മുഹമ്മദ് ഹാജി, കെ.പി. ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ. നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
ഇന്ന് പ്രാർഥന സദസ്സ്; നാളെ കൊടിയിറക്കം
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി തിങ്കളാഴ്ച മഖാമില്‍ പ്രാർഥന സദസ്സ് നടക്കും. ചൊവ്വാഴ്ച നേർച്ച കൊടിയിറങ്ങും. തിങ്കളാഴ്ച മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന പ്രാർഥന സദസ്സ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ദുആ സദസ്സോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും സമാപന ദിവസത്തെ അന്നദാനമുണ്ടാകില്ല. ഞായറാഴ്ച രാത്രി നടന്ന മതപ്രഭാഷണം ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.