പ്രാര്‍ഥനയിൽ അലിഞ്ഞ് വിശ്വാസികള്‍; മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും
text_fieldsതിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി നടന്ന അനുസ്മരണ ദിക്റ് ദുആ സമ്മേളനത്തില്‍ പ്രാര്‍ഥനയിൽ അലിഞ്ഞ് വിശ്വാസികള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് മമ്പുറത്ത് എത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ കെ. ആലിക്കുട്ടി മുസ്ലിയാര് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്ക് കീഴില്‍ മമ്പുറം മഖാമിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 32 വിദ്യാര്‍ഥികള്‍ക്കുള്ള ഹാഫിള് പട്ടം ആലിക്കുട്ടി മുസ്ലിയാര് വിതരണം ചെയ്തു.
മഖാം കമ്മിറ്റി നേതൃത്വത്തില്‍ മമ്പുറത്ത് സ്ഥാപിക്കുന്ന മമ്പുറം തങ്ങള്‍ പഠന കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. കോഴിക്കോട് വലിയ ഖാദി നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്കി.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ബുധനാഴ്ച രാവിലെ എട്ടിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്ലിസോടെ ഒരാഴ്ച നീണ്ട 185ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.
മമ്പുറം തങ്ങൾ പഠന കേന്ദ്രം ഒരുങ്ങുന്നു
തിരൂരങ്ങാടി: രണ്ടു നൂറ്റാണ്ടിലേറെയായി ആത്മീയ- സാംസ്കാരിക വിനിമയങ്ങളുടെ തീര്‍ഥാടന കേന്ദ്രമായി പ്രസിദ്ധി നേടിയ മമ്പുറത്ത് സമഗ്രമായൊരു സാംസ്കാരിക പൈതൃക പഠന കേന്ദ്രം ഒരുങ്ങുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടന്ന അനുസ്മരണ-പ്രാര്‍ത്ഥനാ സംഗമത്തില്‍, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു.
പൈതൃക മ്യൂസിയം, റിസേര്‍ച്ച് സെന്റര്‍, ചരിത്രരേഖ ശേഖരണം, ലൈബ്രറി, ചെയര്‍ ഫോര്‍ കമ്യൂണല്‍ ഹാര്‍മണി എന്നീ അഞ്ച് പദ്ധതികളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. ചരിത്രഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. മോയിന്‍ ഹുദവി മലയമ്മയാണ് പഠന കേന്ദ്രത്തിന്റെ പ്രോജക്ട് ഓഫീസര്‍. പൊതുജനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കുമെല്ലാം പ്രയോജനമുണ്ടാക്കുന്ന പഠനകേന്ദ്രം സ്ഥാപിക്കുകയെന്ന ദാറുല്‍ഹുദായുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.