മാമി കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും
text_fieldsകോഴിക്കോട്: വ്യവസായി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിനെ (മാമി -56) നഗരത്തിൽനിന്ന് കാണാതായ സംഭവത്തിൽ അന്വേഷണ നടപടികൾ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച തുടങ്ങും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. നേരത്തേ സി.ബി.ഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റെയ്ഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി യു. പ്രേമനാണ് അന്വേഷണച്ചുമതല.
വയനാട്, കോഴിക്കോട് ക്രൈംബ്രാഞ്ച് യൂനിറ്റ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ സി.എസ്. ഷാരോണ്‍, ആര്. രതീഷ് കുമാര്‍, പി. അഭിലാഷ്, സിബി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ. ക്രൈംബ്രാഞ്ച് അന്വേഷണം രണ്ടുമാസം നോക്കിയശേഷം തുമ്പൊന്നുമില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് ഞായറാഴ്ച മാമിയുടെ വെള്ളിമാട്കുന്നിലെ വീട്ടിലെത്തി പി.വി. അൻവർ എം.എൽ.എ ബന്ധുക്കളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ കൊല്ലം ആഗസ്റ്റ് 21നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി കൊടുത്തത്. സിറ്റി പൊലീസ് കമീഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.