നടന്‍ മാമുക്കോയ നടത്തിയത് കൈയേറ്റം തന്നെയെന്ന് കോര്‍പറേഷന്‍
text_fieldsകോഴിക്കോട്: നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നിര്‍മിച്ചത് കോര്‍പറേഷന്‍െറ സ്ഥലം കൈയേറിയാണെന്ന നിലപാടിലുറച്ച് കോര്‍പറേഷന്‍. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് കോണ്‍ക്രീറ്റ് ചെയ്ത വഴി പൊളിച്ചുമാറ്റിയതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യം എല്ലാവരെയും നേരത്തേ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഓരോരുത്തര്‍ക്കും പ്രത്യേകമായി നോട്ടീസ് നല്‍കിയിട്ടില്ളെന്നും കോര്‍പറേഷന്‍ സ്ഥിരം സമിതിയും വ്യക്തമാക്കി. ബേപ്പൂരിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ഇതിന് നാട്ടുകാരുടെ പിന്തുണയുമുണ്ട്. മാമുക്കോയയെ ലക്ഷ്യം വെച്ചുകൊണ്ടല്ല ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
സ്ഥലത്തെ റോഡ്, നടപ്പാത കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. അനധികൃത കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ പരാതിയുമുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും മേയര്‍ അറിയിച്ചു. മാമുക്കോയയുടെ വീട് നില്‍ക്കുന്ന പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഉണ്ടാക്കിയ കൈയേറ്റം പൊളിച്ചുമാറ്റിയതെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാബുരാജ് പറഞ്ഞു. ആവശ്യമായ സമയം നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കൈയേറ്റം കോര്‍പറേഷന്‍ നേരിട്ട് ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാമുക്കോയയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴി പൊളിച്ചുമാറ്റിയ കോര്‍പറേഷന്‍ അധികൃതരുടെ നടപടി വിവാദമായിരുന്നു. തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോര്‍പറേഷന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും മാമുക്കോയ ആരോപിച്ചിരുന്നു. മാമുക്കോയയുടെ നടപടി കൈയേറ്റമാണെന്ന് മേയറും ഭരണസമിതിയും പറയുമ്പോഴും എടക്കാട് തണ്ണീര്‍തത്തടം നികത്തി ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ അപാകതയില്ളെന്നായിരുന്നു ഭരണസമിതിയുടെ നിലപാട്. ഫ്ളാറ്റ് നിര്‍മാണത്തില്‍ അപാകതയില്ളെന്നും പ്രദേശവാസികളുടെ പ്രതിഷേധം സ്വാഭാവികമാണെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശകും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.