തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വൈറ്റില പുന്നുരുന്നി സി.കെ.സി.എൽ.പി സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ഈ ബൂത്തിലെ വോട്ടറായ ടി.എം. സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് (30) പിടിയിലായത്.
യു.ഡി.എഫ്, എൻ.ഡി.എ ബൂത്ത് ഏജന്‍റുമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സഞ്ജുവിനെ നേരിൽ അറിയാമെന്നും അതിനാലാണ് വോട്ട് ചെയ്യാൻ എത്തിയയാളെ ചലഞ്ച് ചെയ്തതെന്നും ബൂത്ത് ഏജന്‍റുമാർ പറഞ്ഞു. ആൽബിൻ ഹാജരാക്കിയ തിരിച്ചറിയൽ കാർഡിലെ പേരാണ് ആദ്യം സംശയത്തിനിടയാക്കിയത്.
ആൽബിൻ ഡിവൈ.എഫ്.ഐ പാമ്പാക്കുട മേഖല സെക്രട്ടറിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
ഇത് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ആൽബിന്‍റേതായി വന്നിട്ടുണ്ട്. തൃക്കാക്കരയിൽ ഇടതുസ്ഥാനാർഥിക്കായി ഇദ്ദേഹം പ്രചാരണത്തിന് വന്നിട്ടുണ്ട്. ചമ്പക്കര സെന്‍റ് ജോർജ് യു.പി സ്കൂളിൽ മരിച്ചുപോയ നാലുപേർ വോട്ട് ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഷിയാസ് പറഞ്ഞു.
മറ്റൊരാളുടെ വോട്ടുചെയ്യാന്‍ ശ്രമിക്കുകയോ, തന്‍റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും കുറ്റകരമാണ്. ഐ.പി.സി 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.