കേന്ദ്രീയവിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കേന്ദ്രീയവിദ്യാലയത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് സ്വകാര്യവിദ്യാലയത്തിലെ അധ്യാപികയിൽ നിന്ന് 56 ലക്ഷം തട്ടിയയാൾ പിടിയിൽ. തൃശൂർ കൊണ്ടാഴി മണിയൻകോട്ടിൽ സുധീറിനെയാണ് (45) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി തനിക്ക് ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ 2019ൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്. കേന്ദ്രീയവിദ്യാലയത്തിൽ നിരവധി അധ്യാപക ഒഴിവുകളുണ്ടെന്നും ഇവിടേക്കുള്ള നിയമനത്തിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നുണ്ടെന്നും സുധീർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തുടർന്ന് വഞ്ചിയൂരിൽ ഇയാൾ ഉദ്യോഗാർഥികൾക്കായി പരീക്ഷ നടത്തുകയും വ്യാജ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പരീക്ഷയിൽ ആദ്യ സ്ഥാനത്തെത്തിയെന്ന് കാണിച്ചാണ് ഒറ്റപ്പാലം സ്വദേശിയായ സ്വകാര്യ സ്കൂൾ അധ്യാപികയെ സുധീർ ബന്ധപ്പെടുന്നത്. നിയമനം ലഭിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിലടക്കം 56 ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്തെ പ്രമുഖ ബാങ്ക് വഴി പണമിടപാടും നടത്തി. എന്നാൽ ഇയാളുടെ തട്ടിപ്പുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചിലർ വിവരം പങ്കുവെച്ചതോടെയാണ് തങ്ങളും പറ്റിക്കപ്പെട്ടതായി അധ്യാപികയും കുടുംബവും തിരിച്ചറിഞ്ഞത്.
ഇതോടെ ക േൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സമൂഹമാധ്യമങ്ങളിലടക്കമുള്ള അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ഇയാൾ ഒളിവിൽ പോയി. ഇതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നായി വിവാഹവും കഴിച്ചു. ഒറ്റപ്പാലത്തുള്ള ഇയാളുടെ സുഹൃത്തിനെ ബന്ധപ്പെട്ടാണ് തൃശൂരിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ വലയിലാക്കിയത്.
സുധീറിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ തൊഴിൽതട്ടിപ്പും വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.