വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsതൊടുപുഴ: അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പുരക്കൽ ജോബി മാത്യുവാണ് (45) അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അയ്യായിരത്തോളം പേരിൽനിന്നായി ഇയാൾ പണം തട്ടിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജോബിയുടെ ഉടമസ്ഥതയിൽ 2008ൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ച ആൽഫ ഇൻഫർമേഷൻ ആൻഡ് പ്രൈവറ്റ് എംപ്ലോയ്മെന്റ് സർവിസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഉദ്യോഗാർഥികളിൽനിന്ന് ആദ്യം 5000 രൂപയും പിന്നീട് 55,000 രൂപയുമാണ് വാങ്ങിയിരുന്നത്. അബൂദബിയിൽ ലിഫ്റ്റ് ഓപറേറ്റർ, ഓഫിസ് അസിസ്റ്റന്റ്, സൂപ്പർവൈസർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പറഞ്ഞ ജോലി ലഭിക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി രംഗത്തെത്തി. സ്ഥാപനത്തിനെതിരെ ഇതിനകം 80ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു. ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ഓരോരുത്തരിൽനിന്ന് കുറഞ്ഞ തുക വാങ്ങി കൂടുതൽ പേരെ കബളിപ്പിക്കുന്നതായിരുന്നു ജോബിയുടെ രീതി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ തൊടുപുഴ കുന്നത്തെ ഭാര്യവീട്ടിൽനിന്ന് ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.