ഗർഭിണിയായ മുള്ളൻപന്നിയെ വേട്ടയാടിയയാൾ തോക്കുമായി അറസ്റ്റിൽ
text_fieldsതിരുവമ്പാടി: ജീരകപ്പാറ എലിക്കോട് പുലിക്കോട് വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. ജീരകപ്പാറ പെരുമ്പള്ളി ഷാജിയാണ് (47) നാടൻതോക്കും തിരകളുമായി പിടിയിലായത്. ഗർഭിണിയായിരുന്ന മുള്ളൻപന്നിയുടെ ജഡവും കണ്ടെത്തി.
ആനക്കാംപൊയിൽ എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. പ്രസന്നകുമാറിെൻറ നേതൃത്വത്തിൽ വനത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. വനത്തിൽനിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.കെ. രാജീവ് കുമാറിെൻറ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി ജീരകപ്പാറ, വട്ടച്ചിറ, കൂരോട്ടുപാറ തുടങ്ങിയ വനമേഖലയിൽ വനപാലകർ വ്യത്യസ്ത സംഘങ്ങളായി പരിശോധന നടത്തിയിരുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ സി. ആനന്ദ രാജ്, ഫോറസ്റ്റ് വാച്ചർമാരായ ഉണ്ണികൃഷ്ണൻ, ബിനീഷ്, ഷബീർ, അബ്ദുന്നാസർ, ലൂയിസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കൂടരഞ്ഞി പൂവാറംതോടിൽനിന്ന് 49 കിലോ കാട്ടുപോത്തിറച്ചിയും രണ്ടു നാടൻതോക്കും വനപാലകർ പിടികൂടിയിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.