ഓൺലൈനിൽ സാധനം വാങ്ങുന്നവർക്ക് കാറും പണവും 'സമ്മാനം'; ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഷോപ്പിങ് വെബ്സൈറ്റുകളിൽനിന്ന് ഓൺലൈനിൽ സാധനം വാങ്ങുന്നവർക്ക് കാറും പണവും 'സമ്മാനം' അടിച്ചെന്ന് അറിയിച്ച് പണം തട്ടിയെടുത്ത ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ കൃഷ്ണപൂർ നോർത്ത് 24 പർഗണാസ് രാജർഹട്ട് സ്വദേശി ബിക്കിദാസിനെയാണ് (22) തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് രീതി ഇങ്ങനെ:
നാപ്റ്റോൾ, സ്നാപ്ഡീൽ തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാർസൽ സർവിസ് കമ്പനികളിൽനിന്ന് ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. ഉപഭോക്താക്കൾക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡ് രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ, വൻ തുക എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയും ചെയ്യും.
ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന ഉപഭോക്താവിന് സമ്മാനം ലഭിക്കാൻ സർവിസ് ടാക്സ്, രജിസ്ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ ചാർജുകൾ അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ബിക്കിദാസെന്ന് പൊലീസ് പറഞ്ഞു.
മുരുക്കുംപുഴ സ്വദേശിനിയിൽനിന്ന് തട്ടിയെടുത്തത് 7.45 ലക്ഷം രൂപ
കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്. മുരുക്കുംപുഴ സ്വദേശിനിയിൽനിന്ന് 7,45,400 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പിടികൂടിയത് ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിജുകുമാറിന്‍റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖർ, എസ്.സി.പി.ഒ വിമൽകുമാർ, സി.പി.ഒമാരായ ശ്യാംകുമാർ, അദീൻ അശോക് എന്നിവരടങ്ങുന്ന സംഘം പശ്ചിമബംഗാളിലെ ന്യൂടൗണിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് രണ്ടുമാസത്തോളം നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായതെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.