ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയിൽ
text_fieldsതൊടുപുഴ: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൂനമ്മാവ് വെട്ടിക്കല്‍ സാന്‍ജോ ജോസഫിനെയാണ് (38)തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തൊടുപുഴയിലും ആലുവയിലും പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങളിലായി എണ്‍പതോളം ആളുകളില്‍നിന്ന് റോസരി ട്രാവല്‍സ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്‍റെ മറവില്‍ സാന്‍ജോ അഞ്ചുകോടിയോളം രൂപ കൈക്കലാക്കിയതായാണ് പൊലീസ് പറയുന്നത്. ഇസ്രായേലിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് ഒരുക്കിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഇതിനായി ഒന്നരമുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഒാരോരുത്തരില്‍നിന്ന് വാങ്ങുന്നത്. ഇസ്രാേയലില്‍ ജോലി ചെയ്യാന്‍ താൽപര്യം ഉള്ളവരില്‍നിന്ന് അഞ്ചുമുതല്‍ എട്ട് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു.
പണം നല്‍കുന്നവരെ ഗ്രൂപ്പുകളായി ജോര്‍ഡനിലെത്തിച്ച് അവിടെനിന്ന് ഇസ്രായേലിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതി. സാൻജോയുടെ വാക്ക് വിശ്വസിച്ച് ജോര്‍ഡനിലെത്തിയവരെ ഇയാള്‍ തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്തമാസം വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കം നടത്തിവരുന്നതിനിടെ കോട്ടയം വെസ്റ്റ് സി.ഐയുടെ സഹായത്തോടെ പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാന്‍ജോയുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല ജില്ലയിലും ആളുകള്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സി.ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.