മോഷ്ടിച്ച ലോറിയിൽ പത്രക്കെട്ട് കടത്തിയയാൾ പിടിയിൽ
text_fieldsകോഴിേക്കാട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി അനീഷിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ എരഞ്ഞിപ്പാലം രാഷ്ട്രദീപിക ഓഫിസായ ജ്യോതിസ് കോംപ്ലക്സിൽ സൂക്ഷിച്ച ഒരു ടണ്ണിലധികം പത്രക്കെട്ട് മോഷ്ടിച്ച കേസിലെ പ്രതിയാണ്. നിരവധി വാഹന മോഷണ കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
തൊണ്ടയാട് പാലത്തിനടിയിൽ നിർത്തിയ ലോറി രാത്രി മോഷ്ടിച്ച് എരഞ്ഞിപ്പാലത്ത് എത്തുകയും ഗോഡൗൺ ഷട്ടർ പൊളിച്ച് കടന്ന് പത്രക്കെട്ടുകൾ വാഹനത്തിൽ കയറ്റി പിന്നീട് വെങ്ങളത്തുള്ള ആക്രിക്കടയിൽ വിൽക്കുകയുമായിരുന്നു.
ലോറി തൊണ്ടയാടുതന്നെ തിരിച്ചുകൊണ്ട് വെക്കുകയും ചെയ്തു. വിൽപന നടത്തിയ പത്രക്കെട്ടുകൾ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ നഗരത്തിലെ പത്തോളം മോഷണക്കേസുകൾക്ക് തുമ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ മെഡിക്കൽ കോളജ്, നടക്കാവ്, വടകര, തേഞ്ഞിപ്പലം സ്റ്റേഷനുകളിലും മോഷണക്കേസുണ്ട്.
നടക്കാവ് ജി-ടെക് സെൻററിൽനിന്നും ഇൻവെർട്ടർ ബാറ്ററി മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. നോർത്ത് അസി. കമീഷണർ അഷ്റഫിെൻറ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് സബ് ഇൻസ്പെക്ടർ സി.പി. ഭാസ്കരനും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത് നടക്കാവ് എസ്.ഐ ദിനേശൻ എന്നിവരടങ്ങുന്നതാണ് സംഘം. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.