സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് സമര്‍പ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമിച്ച് നല്‍കിയയാൾ അറസ്റ്റില്‍. പഞ്ചാബ് അമൃത്‌സര്‍ സ്വദേശി സച്ചിന്‍ദാസിനെയാണ് അമൃത്സറിൽനിന്ന് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ ബി.കോം സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നിർമിച്ചുനല്‍കിയത്.
തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സച്ചിന്‍ദാസില്‍നിന്ന് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ വാങ്ങിയാണ് സ്വപ്‌നക്ക് ഇയാൾ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. സംസ്ഥാനത്തെ മറ്റാർക്കെങ്കിലും ഇത്തരത്തിൽ ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അമൃത്സർ കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകള്‍ നിർമിക്കുന്ന സച്ചിൻദാസ് വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നെന്നതരത്തിൽ പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് ശ്രദ്ധിച്ച ചെങ്ങന്നൂരിലെ പാരലൽ കോളജ് അധ്യാപകനായ സ്വപ്നയുടെ സുഹൃത്താണ് സച്ചിൻദാസിനെ വിളിച്ചത്. തുടര്‍ന്ന് സച്ചിൻദാസിന് സ്വപ്ന ഒരു ലക്ഷം രൂപ കൈമാറി. 2014 ലാണ് വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സ്വന്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. ഈ കേസിൽ സ്വപ്ന സുരേഷിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. സ്വപ്നയെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത പി.ഡബ്ല്യു.സി, വിഷൻ ടെക് എന്നീ കണ്‍സള്‍ട്ടൻസി സ്ഥാപന അധികാരികളാണ് കേസിലെ മറ്റ് പ്രതികള്‍.
സർക്കാർ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിൽ ജോലിക്കായി സ്വപ്ന സുരേഷ് സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയതോടെ കെ.എസ്.ടി.ഐ.എല്‍ എം.ഡി കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.