കെ.ടി. ജലീലിനെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ; അറസ്റ്റിലായത് വാഹനം ഓടിക്കാന്‍ അറിയാത്തയാൾ
text_fieldsവളാഞ്ചേരി (മലപ്പുറം): ഡോ. കെ.ടി. ജലീൽ എം.എൽ.എക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ (49) ആണ് വളാഞ്ചേരി എസ്.എച്ച്.ഒ സി. അഷ്‌റഫ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്സ്ആപ്പ് സന്ദേശം അയച്ചതെന്നും മറ്റു ഉദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഹംസയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ഭീഷണിപ്പെടുത്തിയ ആളുടെ പേരുവിവരങ്ങളുൾപ്പെടെ ജലീല്‍ പൊലീസിൽ പരാതി നൽകിയിരുന്നു. 'എടാ ജലീലെ, നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്‍റെയീ സി.പി.എമ്മിന്‍റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ, അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി.
നല്ലോണം ഓര്‍മ്മ വെച്ചോ, അന്‍റെ തറവാട് മാന്തും. നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ' -എന്നായിരുന്നു ഹംസയുടെ ഭീഷണി.
മുസ്ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ കെ.ടി. ജലീൽ നിയമസഭക്കുള്ളിലും പുറത്തും വലിയ ആരോപണങ്ങൾ ഉയർത്തിയ സാഹചര്യത്തിലായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.