ആദ്യവിവാഹം മറച്ച് വീണ്ടും വിവാഹിതനായി; ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ
text_fieldsകൊച്ചി: ആദ്യവിവാഹം മറച്ചു വെച്ച് വീണ്ടും വിവാഹിതനായ യുവാവ് രണ്ടാമത്തെ ഭാര്യയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായി. തൃശൂർ ചെമ്പൂക്കാവ് കൊപ്പട്ടിയിൽ വൈശാഖാണ്(31) മുളവുകാട് പൊലീസിന്‍റെ പിടിയിലായത്.
ബംഗളൂരുവിൽ സിവിൽ സർവിസ് കോച്ചിങ്ങിന് ചേർന്ന് സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി ആദ്യം ബിഹാർ സ്വദേശിയായ യുവതിയെ അവരുടെ നാട്ടിൽചെന്ന് ഹിന്ദുമതാചാര പ്രകാരം വിവാഹം ചെയ്തിരുന്നു. ഈ വിവാഹം നിലനിൽക്കെ കേരളത്തിൽ തിരിച്ചെത്തി സ്വകാര്യ മാട്രിമോണിയൽ സൈറ്റിലൂടെ തനിക്ക് 20 ലക്ഷം വാർഷിക വരുമാനമുള്ള ജോലിയുണ്ടെന്നും ബി.ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐ.ഐ.ടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നുമുൾെപ്പടെ പരസ്യം നൽകി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തു.
വിവാഹശേഷം സ്വർണവും പണവും കൂടുതൽ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോൾ ബി.ടെക് പാസായിട്ടില്ലെന്നും തൊഴിൽരഹിതനാണെന്നും മനസ്സിലാക്കി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ വൈശാഖിന്‍റെ രണ്ടാം വിവാഹത്തെ കുറിച്ചറിഞ്ഞ ബിഹാർ സ്വദേശിനി പട്ന പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
പ്രതിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അറിവോടെയാണ് ഇയാൾ രണ്ടാം വിവാഹം ചെയ്തത്. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ത് ലാലിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്യാമകുമാർ, എസ്.സി.പി.ഒമാരായ സുരേഷ്.പി.വി, സിബിൽ ഫാസിൽ, അരുൺ ജോഷി, സി.പി.ഒമാരായ ജയരാജ്, ശബരിനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.