ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsതാമരശ്ശേരി: വില്പനക്കായി സൂക്ഷിച്ച 1.570. കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടിൽ ഷാജഹാൻ (37) ആണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 9ന് ഈങ്ങാപ്പുഴയിലെ പ്രതിയുടെ വീട്ടിൽ വെച്ച് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സ്ഥിരമായി സ്കൂൾ കുട്ടികൾക്കും മറ്റും വില്പന നടത്തുന്ന ഇയാളുടെ പേരിൽ നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. മലപ്പുറത്തെ മൊത്തകച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ചില്ലറ വില്പനക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും. വീട്ടിൽ വെച്ച് പൊതികളിലാക്കി വില്പന നടത്തുന്നതിന് ഒരു സംഘം പ്രതിയുടെ കൂടെ പ്രവർത്തിക്കുന്നുണ്ട്. പ്രതിയുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഈ റാക്കറ്റിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഈ മാഫിയാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേരളത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന് സംസ്ഥാന തലത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡി.വൈ.എസ്.പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി എസ്.ഐമാരായ വി.എസ് സനൂജ്, വി.ആർ അരവിന്ദ്, സി.പി.ഒ ഷിനോജ്, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ സുരേഷ്, പി ബിജു, സി.പി.ഒമാരായ ടി.കെ ശോബിത്, ദീപക് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.