മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു
text_fieldsആലങ്ങാട് (കൊച്ചി): മകനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് രണ്ടുപേരുടെ മർദനമേറ്റ് മരിച്ചു. നീറിക്കോട് ആറയിൽ റോഡ് കൊല്ലൻപറമ്പിൽ കുമാരന്‍റെ മകൻ വിമൽ (54) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അക്രമം ഉണ്ടായത്.
വിമലിന്‍റെ മകൻ രോഹിത് വീടിന്‍റെ മുൻവശത്തെ വഴിയിൽനിന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ അതുവഴി വന്ന ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ റോഡിൽ മറിഞ്ഞുവീണു. ഇതുകണ്ട് രോഹിത് എന്തെങ്കിലും പരിക്കുപറ്റിയോ എന്ന് ചോദിച്ചു. കുഴപ്പമില്ലെന്ന് ഇവർ മറുപടി പറഞ്ഞു ബൈക്കിൽകയറി പോയി. എന്നാൽ, 10 മിനിറ്റിനകം തിരിച്ചുവരുകയും രോഹിത്തിനെയും സുഹൃത്ത് തട്ടാംപടി ചെട്ടിക്കാട് മണ്ണുചിറയിൽ മിഥുനെയും (20) കൈയേറ്റം ചെയ്യുകയുമായിരുന്നു.
ബഹളംകേട്ട് വീട്ടിൽനിന്ന് ഇറങ്ങിവന്ന വിമൽ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ അക്രമികളുടെ മർദനമേറ്റു. വിമലിനെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബൈക്ക് യാത്രക്കാരായ യുവാക്കൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് വിമലിന്‍റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
വിമലിന്‍റെ ഭാര്യ: അമ്പിളി. മറ്റൊരു മകൻ അശ്വിൻ (വിദ്യാർഥി, ഐ.എച്ച്.ആർ.ഡി കോളജ്, പുത്തൻവേലിക്കര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.