ജോസിന് കനത്ത പ്രഹരം; ഇടതുതരംഗത്തിലും പാലായിൽ കസേരയുറപ്പിച്ച് കാപ്പൻ
text_fieldsകോട്ടയം: അമ്പതുകൊല്ലത്തിലേറെ നീണ്ട കുടുംബ വാഴ്ച അവസാനിപ്പിക്കാൻ 18 മാസത്തെ അധ്വാനം മാത്രം മതിയെന്നു തെളിയിച്ച് മാണി സി. കാപ്പൻ വീണ്ടും പാലായുടെ എം.എൽ.എയായി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിലും 13000ത്തിലേറെ വോട്ടിന്‍റെ അമ്പരപ്പിക്കുന്ന വിജയമാണ് കാപ്പൻ സ്വന്തമാക്കിയത്. കെ.എം. മാണിയുടെ മകൻ എന്ന ലേബലിൽ എത്തിയ ജോസ് കെ. മാണിയെ അട്ടിമറിച്ചാണ് വിജയമെന്നത് നേട്ടത്തിെൻറ മാറ്റുകൂട്ടുന്നു. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിന് അട്ടിമറിയെന്ന് വിശേഷിപ്പിക്കാവുന്ന ഏക വിജയവും മാണി സി. കാപ്പെൻറയാണ്.
പ്രധാന സ്ഥാനാർത്ഥികളായ മാണി സി. കാപ്പനും ജോസ് കെ. മാണിയും മുന്നണി മാറിയാണ് മത്സരിച്ചതെങ്കിലും അതിെൻറ ദോഷം ഏറെ അനുഭവിക്കേണ്ടി വന്നത് ജോസ് കെ. മാണിക്കാണെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. 18 മാസം മുമ്പുയർന്ന കോഴ മാണിയെന്ന ആർപ്പുവിളി പൊടുന്നനെ സഖാവ് മാണിയെന്നാക്കിയതിലുള്ള അമർഷം ഇടതുപ്രവർത്തകർ പ്രകടിപ്പിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. പതിനയ്യായിരം വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാണി സി. കാപ്പൻ വോട്ടെണ്ണലിെൻറ തലേന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയത്തിൽ അദ്ദേഹത്തിന് ഒരു സമയത്തും സംശയമുണ്ടായിരുന്നില്ല. പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പാലാക്കാർ അംഗീകാരം നൽകുമെന്നായിരുന്നു ഉറച്ച വിശ്വാസം.
ജോസ് കെ. മാണിയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി, സി.പി.എം പാർട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ കാപ്പൻ പക്ഷം തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്ഥാനാർഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാർട്ടികളിൽ നിന്ന് ചോർന്നു കിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. ആകെ പോൾ ചെയ്തതിൽ പകുതി വോട്ടും തങ്ങൾക്കാെണന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കിയ തോൽവിയാണ് ജോസ് കെ. മാണിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പി.ജെ. ജോസഫുമായുള്ള തർക്കത്തിൽ കോടതികളിലും തെരഞ്ഞെടുപ്പ് കമീഷനിലും വിജയിച്ച ജോസ് കെ. മാണിക്ക് ജനകീയ കോടതിയിൽ വിജയിക്കാനായില്ലെന്നത് ചെറിയ ആഘാതമല്ല നൽകുന്നത്. പിതാവായ കെ. എം. മാണിയെ കോഴമാണിയെന്ന് വിശേഷിപ്പിച്ചവരോട് തോൾചേർന്ന് അധികാരത്തിനായി നടത്തിയ നാടകങ്ങൾക്ക് ജനങ്ങൾ പിന്തുണ നൽകിയില്ല എന്നതാണ് ഫലം തെളിയിക്കുന്നത്. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാൻ മാണി സി. കാപ്പനും ജോസ് കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു. തീപാറും പോരാട്ടത്തിൽ വോട്ടിങ് ശതമാനം 2019 ലെ 70.97 ൽ നിന്ന് 72.51 ആയി വർധിച്ചു. 2016ൽ 77.61 ശതമാനമായിരുന്നു പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.